Wed. Jan 22nd, 2025
കോഴിക്കോട് :

ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ. സി. പി വാഹിദ്, ഡി. സി. പി ജമാലുദ്ദീൻ എന്നിവരടങ്ങിയ രണ്ടംഗ സംഘമാണ് എം കെ രാഘവന്‍റെ കോഴിക്കോട്ടെ വീട്ടിലെത്തി മൊഴിയെടുത്തത്.

അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി വാഹിദ് നേരത്തെ തന്നെ മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീസ് നൽകിയിരുന്നു. പിന്നീട് ഫോണിൽ വിളിച്ചും ആവശ്യപ്പെട്ടെങ്കിലും എം. കെ രാഘവൻ ഹാജരാവാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.

വിഷയത്തിൽ രാഘവന് പറയാനുള്ളത് രേഖപ്പെടുത്തിയെന്നും അത് അടിസ്ഥാനമാക്കി അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ തനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കുമെന്നും മൊഴി നൽകിയ ശേഷം എം.കെ രാഘവൻ പ്രതികരിച്ചു.

രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് അഡ്വ. പി. എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എം.കെ രാഘവന്‍റെ പരാതിയിലും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

ഒരു മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനിടെ അന്വേഷണ സംഘത്തിന് മുന്നില്‍ എം.കെ രാഘവന്‍ വികാരാധീനനായാണ് മൊഴി നല്‍കിയത്. അന്വേഷണ സംഘം മൊഴിയെടുത്ത് മടങ്ങിയതിന് ശേഷം നിറകണ്ണുകളോടെയാണ് എം.കെ രാഘവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അരികിലേക്ക് വന്നത്. സഹപ്രവര്‍ത്തകന്‍ നല്‍കിയ തൂവാല കൊണ്ട് കണ്ണ് തുടച്ചതിന് ശേഷം വിശദമായ മൊഴി നല്‍കിയെന്നും ഇനി അന്വേഷണം നടക്കട്ടെ എന്നും എം.കെ രാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, രാഘവനെതിരായ ആരോപണം കോൺഗ്രസ് പാർട്ടി തന്നെ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചടക്കമുള്ള രാഘവന്‍റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്. രാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ നടപടികള്‍ തുടങ്ങൂ. തിരഞ്ഞെടുപ്പ് സമയത്തു പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയതിൽ കോൺഗ്രസ്സ് അണികൾക്കും അമർഷമുണ്ട്.

രാഘവനെ പരീക്ഷിക്കാൻ ദേശീയ ചാനലായ ടി.വി. 9 ഒരുക്കിയ കെണിയിൽ അദ്ദേഹം വീഴുകയായിരുന്നു.കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് നാട്യത്തിൽ ചാനൽ അയച്ച സംഘത്തോട് എം.കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറയിൽ പകർത്തി ചാനല്‍ പുറത്ത് വിട്ടത്. ഹോട്ടല്‍ തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം നല്‍കാന്‍ 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എം.കെ രാഘവനെതിരായ ആരോപണം. ഒരു കണ്‍സല്‍ട്ടന്‍സി കമ്പനിയില്‍ നിന്നുള്ള ആള്‍ക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം എം.പിയെ സമീപിച്ചത്. സ്ഥലം നല്‍കുന്നതിന് പാരിതോഷികം എന്തു വേണമെന്ന ചോദ്യത്തിന് പണമായി നല്‍കിയാല്‍ മതിയെന്നായിരുന്നു എംപിയുടെ മറുപടി. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്നും രാഘവന്‍ വീഡിയോയില്‍ പറയുന്നത് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *