ലോക പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപോളക്ക് ഇന്നലെ എൺപതു വയസ്സ് പൂർത്തിയായി. ‘ഗോഡ്ഫാദർ’-ട്രിലജി, ദി കോൺവെർസേഷൻ, അപോക്കലിപ്സ് നൗ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ, തന്റെ സ്വപ്‍ന സിനിമയായ ‘മെഗലോപ്പോളിസ്’ ചെയ്യാൻ തയ്യാറെടുക്കുകയാണ് ഈ അവസരത്തിൽ.
ഏറെ വർഷങ്ങളായി കൊപോള ‘മെഗലോപ്പോളിസ്’ന്റെ തയ്യാറെടുപ്പുകളിലാണ്. തിരക്കഥ പൂർത്തിയായ പദ്ധതിക്കായി അഭിനേതാക്കളെ കണ്ടെത്തുന്ന പ്രക്രിയയിലാണ് കൊപോള. ഹോളിവുഡ് താരം ജൂഡ് ലോ സിനിമയിൽ ഉണ്ടാവെന്നും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ കാൻ ചലചിത്രോത്സവത്തിൽ വച്ചാണ് കൊപോള ‘മെഗലോപ്പോളിസ്’ പ്രഖ്യാപിക്കുന്നത്. ഇതിന് ശേഷം ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് ചിത്രീകരണം അല്പം നടത്തുകയും ചെയ്തിരുന്നു. 9/ 11 ആക്രമണത്തിന് മുൻപുള്ള ന്യൂയോർക്ക് നഗരം പശ്ചാത്തലമായുള്ള ചിത്രത്തിൽ
ഉട്ടോപ്യ(Utopia) സൃഷ്‌ടിക്കാനുള്ള ഒരു ആർക്കിടെക്റ്റിന്റെ ശ്രമങ്ങളാണ് ‘മെഗലോപ്പോളിസ്’ പറയുന്നത്.
മുടക്കുമുതൽ ഏറെ ആവശ്യമുള്ള വലിയരീതിയിലുള്ള പദ്ധതിയായ ‘മെഗലോപ്പോളിസ്’ ഈ വർഷം ചിത്രീകരണം ആരംഭിച്ച് 2021 ൽ പുറത്തിറക്കാനാണ് പദ്ധതി ഇടുന്നത്. 2011 ൽ ഇറങ്ങിയ ‘ട്വിക്സ്റ്’ ആണ് കൊപോള അവസാനമായി സംവിധാനം ചെയ്ത സിനിമ. തത്സമയ സംപ്രേക്ഷണത്തിനായി 2015ൽ ‘ഡിസ്റ്റന്റ് വിഷൻ’ എന്ന പരീക്ഷണ ചിത്രവും ചെയ്തിരുന്നു.
1979 ൽ പുറത്തിറക്കിയ ‘അപ്പോക്കലിപ്സ് നൗ’വിന്റെ മറ്റൊരു പതിപ്പ്, ‘അപ്പോക്കലിപ്സ് നൗ’: ഫൈനൽ കട്ട് ഫ്രാൻസിസ് ഫോർഡ് കൊപോള പുറത്തിറക്കിയിട്ടുണ്ട്. ഇത് വരുന്ന ട്രിബേക്ക ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. കാൻ ചലച്ചിത്രമേളയിൽ പാം ഡി’ഓർ നേടിയിട്ടുണ്ട് ഈ ചിത്രം. കൊപോളയുടെ ‘ദി കോൺവെർസേഷൻ’ എന്ന ചിത്രത്തിനും പാം ഡി’ഓർ ലഭിച്ചിട്ടുണ്ട്. രണ്ട് തവണ ഈ പുരസ്‌കാരം ലഭിക്കുന്ന അപൂർവ്വം സംവിധായകരിലൊരാളാണ് കൊപോള.
മരിയോ പുസോയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മൂന്ന് അധ്യായങ്ങളായുള്ള കൊപോളയുടെ ‘ഗോഡ്‌ഫാദർ’-1,2 &3 യുടെ ആദ്യത്തെ രണ്ട് അധ്യായങ്ങൾക്കും മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അധോലോക സിനിമകൾ ചെയ്യാൻ ലോകമെമ്പാടുമുള്ള നിരവധി സംവിധായകരെ സ്വാധീനിച്ചിട്ടുള്ള ഒരു ചിത്രമാണ് ‘ഗോഡ്‌ഫാദർ’, പ്രത്യേകിച്ച് ഇന്ത്യയിൽ. തമിഴിലെ ‘നായകൻ’, ഹിന്ദിയിലെ ‘സർക്കാർ’ മലയാളത്തിലെ ‘നാടുവാഴികൾ’ തുടങ്ങി നിരവധി ചിത്രങ്ങൾ ‘ഗോഡ്‌ഫാദർ’ സിനിമയെ അനുകരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ഇന്നും മുഖ്യധാര ചലച്ചിത്ര സംവിധായകർ അധോലോക സിനിമകൾ നിർമ്മിക്കുമ്പോൾ ഗോഡ്‌ഫാദർ എന്ന ചിത്രത്തെ വികലമായി അനുകരിക്കാറുണ്ട്.