Mon. Dec 23rd, 2024
ന്യൂഡൽഹി:

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.ഐ. എമ്മിന്റെ പ്രകടനപത്രികയുടെ പ്രസക്ത ഭാഗങ്ങള്‍ ആംഗ്യഭാഷയിലും പുറത്തിറക്കി. പ്രകടനപത്രികയുടെ ശബ്ദരേഖ പുറത്തിറക്കിയതിനു പിന്നാലെയാണിത്. ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ഉദ്ദേശിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സീതാറാം യെച്ചൂരി പത്രികാ പ്രകാശനവേളയില്‍ പറഞ്ഞു. ലോകത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി പ്രകടനപത്രികയുടെ ശബ്ദരേഖ തയ്യാറാക്കിയത്. സാമൂഹികക്ഷേമത്തിനും ജനമുന്നേറ്റത്തിനും ബദല്‍ നയം അവതരിപ്പിച്ച പ്രകടനപത്രിക ഭിന്നശേഷിക്കാരിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ആംഗ്യഭാഷയില്‍ അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പിനെയാണ് രാജ്യം നേരിടുന്നതെന്ന ആമുഖത്തോടെയാണ് ആംഗ്യഭാഷയിലുള്ള വീഡിയോ തുടങ്ങുന്നത്.

തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് സി.പി.എം. പ്രകടന പത്രിക പ്രഖ്യാപിച്ചിരുന്നു. സി.പി.എമ്മിന്റെയും, ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നുമാണ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക, സി.പി.എമ്മിന്റേയും, ഇടതുപക്ഷത്തിന്റേയും ശക്തി വര്‍ദ്ധിപ്പിക്കുക, രാജ്യത്ത് മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നിവയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടു പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ സീതാറാം യെച്ചൂരിയും മറ്റു പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന്റെ 50% അധിക വില ഉറപ്പാക്കും എന്നിങ്ങനെ പതിനഞ്ച് വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്.

രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കും. വാര്‍ദ്ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കുമെന്നും സി.പി.എം. പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് എന്ന ആമുഖത്തോടെയാണ് സി.പി.എമ്മിന്റെ പ്രകടന പത്രിക തുടങ്ങുന്നത്. സി.പി.എം. കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ടു വെച്ച തൊഴിലാളി പ്രക്ഷോഭങ്ങള്‍, കര്‍ഷക സമരങ്ങള്‍ തുടങ്ങിവയില്‍ ഉന്നയിച്ച വിഷയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *