Fri. Nov 22nd, 2024
#ദിനസരികള് 721

കമൽ എന്ന സിനിമാ സംവിധായകനെക്കുറിച്ച് നമുക്കറിയാം. ബി.ജെ.പി. ഇന്ത്യയില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലംമുതല്‍ അദ്ദേഹം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളാണ്. മലയാളികള്‍ നെഞ്ചേറ്റിയ നിരവധി സിനിമകളിലൂടെ അവരോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്ന കമലിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ കേരളത്തിലെ ജനതക്ക് ഒരു ആശങ്കയുമില്ലായിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ വിമര്‍ശിക്കുകയും രാജ്യസ്നേഹം അടിച്ചേല്പിക്കാനുള്ള അവരുടെ ശ്രമങ്ങളെ എതിര്‍ക്കുകയും ചെയ്തതോടെ കമലിന്റെ മതത്തെക്കുറിച്ച് ചോദ്യങ്ങളുയരുന്നതും അദ്ദേഹം ദേശവിരുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതും നാം കണ്ടു.

രാജ്യം വിട്ടുപോകണമെന്നാണ് സംഘപരിവാരം അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. രാജ്യത്തെ വിഭജിക്കുകയും വിഘടിപ്പിക്കുയും ചെയ്യുന്ന രീതിയില്‍ വര്‍ഗ്ഗീയതയെ ഉപയോഗിക്കുന്ന ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരെ അവരുടെ മതവും ജാതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശവിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കുകയെന്നതാണ് സംഘപരിവാരം ചെയ്യുന്നത്. അതുതന്നെയാണ് കമലിന്റെ കാര്യത്തിലുമുണ്ടായത്. എത്രയോ കാലം നമ്മുടെ ഇടയില്‍ കഴിഞ്ഞു പോന്നിരുന്ന കമല്‍, കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്നു പേരുള്ള മുസ്ലീമാണെന്നും അതുകൊണ്ടുതന്നെ അയാള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ യോഗ്യനല്ലെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നും ബി.ജെ.പിയുടെ നേതാക്കള്‍ ആക്രോശിക്കുന്നത് നാം കേട്ടു.

തിരഞ്ഞെടുപ്പുകാലങ്ങളില്‍ ജാതിമത വിശ്വാസങ്ങളെ വോട്ടു പിടിക്കാനുള്ള ഉപാധിയാക്കി മാറ്റരുത് എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍‌ദ്ദേശം അവഗണിച്ചുകൊണ്ട് സുരേഷ് ഗോപി ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചിരുന്നുവല്ലോ. (സത്യം പറഞ്ഞാല്‍ ഈ സുരേഷ് ഗോപിയെന്ന വിടുവായനെക്കുറിച്ച് ഒന്നും പറയരുതെന്ന് നിശ്ചയിച്ചതാണ്. കൃത്രിമത്വവും വിവരമില്ലായ്മയും സമം ചേര്‍ത്തെടുത്ത ഈ അല്പന്‍ വിമര്‍ശിക്കപ്പെടുവാനുള്ള യോഗ്യത പോലുമില്ലാത്തയാളാണ്. അയാളുടെ പ്രസംഗങ്ങള്‍ പ്രതികരണങ്ങളും എന്തിന് ശരീര ഭാഷപോലും അമ്പേ ജനാധിപത്യവിരുദ്ധമാണ്.) സംഭവം ശ്രദ്ധയില്‍ പെട്ട റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കളക്ടര്‍ അനുപമ, സുരേഷ് ഗോപിയോട് നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ വിശദീകരണം നല്കുവാന്‍ ആവശ്യപ്പെട്ടതോടെ കളക്ടര്‍‌ക്കെതിരെ എന്തെല്ലാം രീതിയിലുള്ള ആക്രമണമാണ് ബി.ജെ.പിയുടെ മൂന്നാംകിട നേതൃത്വം അഴിച്ചു വിട്ടതെന്ന് നോക്കുക.

അവരെ നിയമം പഠിക്കുവാന്‍ ശ്രമിക്കുന്നു. പേരെടുക്കുവാന്‍ നടത്തുന്ന പ്രകടനമാണിതെന്ന് ആക്ഷേപിക്കുന്നു. ഹിന്ദുക്കള്‍ക്ക് വിശ്വസിക്കാനുള്ള അവകാശംപോലുമില്ലാതെയായി എന്ന് വാദിക്കുന്നു. ഇഷ്ടദേവനെപ്പറ്റിപ്പറയാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ എന്തു ജനാധിപത്യം എന്ന് വിതുമ്പുന്നു. അങ്ങനെ എന്തെല്ലാം? എന്തെല്ലാം? അവരുടെ ഫേസ്ബുക്ക് പേജിലൊന്ന് നോക്കുക. എത്ര തരംതാണ രീതിയിലുള്ള തെമ്മാടിത്തരങ്ങളാണ് സംഘപരിവാരത്തിലെ അക്രമികള്‍ എഴുതി വിട്ടിരിക്കുന്നത്? അവസാനം അനുപമയുടെ മതത്തിലേക്കും സ്വാഭാവികമായി ചെന്നെത്തിയിരിക്കുന്നു. മലപ്പുറത്തുകാരിയായ അനുപമ, കെ.കെ. ബാലസുബ്രഹ്മണ്യത്തിന്റെയും, ടി.വി.രമണിയുടെയും മൂത്ത മകളാണെന്ന കാര്യം മറച്ചു വെച്ചുകൊണ്ടു ഹിന്ദുവിരുദ്ധയാക്കിയും കൃസ്ത്യന്‍ മതവിശ്വാസിയാക്കിയും ചിത്രീകരിച്ചുകൊണ്ട് മതപരമായ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അധഃപതനത്തിന്റെ എത്രമാത്രം ആഴത്തിലുള്ള പടുകുഴിയിലേക്കാണ് നമ്മെ ബി.ജെ.പിയുടെ നേതൃത്വം വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്ന് നോക്കുക.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി പുറപ്പെടുവിച്ച വിധിയെ മുന്‍നിറുത്തി നിഷ്കളങ്കരായ വിശ്വാസികളെ ചൂഷണം ചെയ്ത് തിരഞ്ഞെടുപ്പില്‍ മുതലെടുക്കാമെന്നായിരുന്നു പരിവാരം കണക്കുകൂട്ടിയത്. എന്നാല്‍ അത്തരം മുതലെടുപ്പുകളെ അനുകൂലിക്കാത്ത നമ്മുടെ നിയമസംവിധാനം ശക്തമായിട്ടാണ് പ്രതികരിച്ചത്. അതില്‍ വിറളിപൂണ്ട് ഉദ്യോഗസ്ഥരുടെ ജാതിയും മതവും നോക്കി ഒറ്റപ്പെടുത്താനും അവരെ ആക്ഷേപിച്ചുകൊണ്ടു മനോവീര്യം കെടുത്താനുമുള്ള കുത്സിതമായ നീക്കങ്ങളാണ് നടക്കുന്നത്. കുറഞ്ഞ മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ നടപടിയെടുത്തപ്പോള്‍ ടി.വി. അനുപമ എന്ന കളക്ടറെ വാനോളം പുകഴ്ത്തുകയും സത്യസന്ധയായ ഉദ്യോഗസ്ഥ എന്ന് വിധിയെഴുതുകയും ചെയ്ത അതേ കൂട്ടര്‍ തന്നെയാണ് ഇന്ന് അവര്‍‌ക്കെതിരെ വാളെടുത്തിരിക്കുന്നത് എന്നതാണ് തമാശ.

മതത്തില്‍ തുടങ്ങി മതത്തില്‍ അവസാനിക്കുന്ന ഒരു ജീവിതത്തിലേക്ക് നമ്മെ പെടുത്തിയിടാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇവയെല്ലാംതന്നെ. നിലനില്ക്കുന്ന നിയമവ്യവസ്ഥയില്‍ അവിശ്വാസമുണ്ടാക്കിയെടുത്തുകൊണ്ടും തള്ളിക്കളഞ്ഞുകൊണ്ടും ഹിന്ദു മേല്‍‌ക്കോയ്മ അനുവദിക്കുന്ന ഒരു രാഷ്ട്രത്തെ സ്വപ്നം കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന അല്പന്മാരായ സംഘപരിവാര നേതാക്കന്മാര്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും അവിശ്വസിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. താഴെത്തട്ടില്‍ മാത്രമല്ല അങ്ങേയറ്റത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ആറെസ്സെസ്സുകാരന്‍വരെ ജനങ്ങളോട് സംവദിക്കുന്നത് ആ അര്‍ത്ഥത്തില്‍ തന്നെയാണ്. ഒരു നിയമവ്യവസ്ഥയേയും അംഗീകരിക്കാതെ തങ്ങള്‍ക്കു തോന്നുന്ന വിധത്തില്‍ പറഞ്ഞും പ്രചരിപ്പിച്ചും നുണവ്യാപാരം നടത്തുന്ന ഇക്കൂട്ടരാണ് നാടു സംരക്ഷിക്കപ്പെടണമെങ്കില്‍ തങ്ങളെ ഏല്പിക്കണമെന്ന് അവകാശപ്പെടുന്നത്.

എന്തായാലും ജനതയുടെ മുമ്പില്‍ തങ്ങളുടെ ഉള്ളിലിരിക്കുന്ന വിഷം എത്രത്തോളം തീവ്രതരമാണെന്ന് ഓരോ ദിവസവും ബി.ജെ.പിയുടെ നേതാക്കള്‍ തുറന്നു കാണിക്കുന്നുവെന്നത് ആശ്വാസകരമാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *