ഭുവനേശ്വർ:
ബി.ജെ.പി, 2019 തിരഞ്ഞെടുപ്പിനായി ഒരു പത്രിക ഇറക്കിയിട്ടുണ്ടെന്നും, 2014 ലെ തിരഞ്ഞെടുപ്പിൽ ഇറക്കിയ പ്രകടന പത്രിക നുണകളും, കാപട്യവും നിറഞ്ഞതായിരുന്നെന്നും, 2019 ലേത് അതിനേക്കാൾ വലിയ നുണകളും കാപട്യങ്ങളും നിറഞ്ഞതാണെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി. ഇറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഒഡീഷയിൽ ബി.ജെ.പി ഇറക്കിയ പ്രകടനപത്രികയിൽ മുഴുവൻ നുണകളാണെന്നു പറഞ്ഞ ബി.ജെ.ഡി. ബി.ജെ.പിയോട് 15 ചോദ്യങ്ങൾ ചോദിച്ചു.
ഒഡീഷയ്ക്കു പ്രത്യേക വിഭാഗ പദവി നൽകുമെന്ന് 2014ലെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നെന്നും, 2019 ലെ പ്രകടന പത്രികയിൽ അതു കാണുന്നില്ലെന്നും, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും മെഡിക്കൽ കോളേജും ഈ പ്രകടനപത്രികയിൽ എന്തുകൊണ്ടില്ലെന്നും, മഹാനദിയെക്കുറിച്ചും പോളവാരത്തെക്കുറിച്ചും ഈ പ്രകടനപത്രിക നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ആ ചോദ്യാവലിയിൽ അടങ്ങിയിട്ടുണ്ട്.
ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ബി.ജെ.പിയുടെ, ഈ തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്താണ് നിശബ്ദത പാലിക്കുന്നതെന്നും, റെയിൽവേയിൽ ഏർപ്പെടുത്താൻ പോകുന്ന നവീകരണങ്ങളെക്കുറിച്ച് ബി.ജെ.പി. ഇനിയും എത്രകാലം പൊള്ളയായ വാഗ്ദാനങ്ങൾ നൽകുമെന്നും, ഒരു വർഷം രണ്ടു കോടി ആളുകൾക്കു ജോലിയെന്നും, 15 ലക്ഷം എല്ലാവരുടേയും അക്കൌണ്ടിലെന്നും ഉള്ള കാര്യങ്ങളെക്കുറിച്ച് ബി.ജെ.പി. ഇപ്പോൾ മിണ്ടാത്തത് എന്താണെന്നും ബി.ജെ.ഡി. ചോദിക്കുന്നു.