തിരുവനന്തപുരം:
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 7551 കേസ്സുകള്‍. ലൈംഗികാതിക്രമ കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2008-ല്‍ 549 കേസുകളാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2018-ല്‍ അത് 4008 ആയി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 269 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തൊടുപുഴയില്‍ രണ്ടാനച്ഛന്റെ അതിക്രൂരമായ മര്‍ദ്ദനമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചത് ഞെട്ടലോടെയാണ് കേരളം കണ്ടത്. അതിന്റെ മുറിവ് ഉണങ്ങും മുമ്പേയാണ് എടപ്പാളില്‍ 10 വയസുള്ള നാടോടി പെണ്‍കുട്ടിയുടെ തല സി.പി.എം. നേതാവ് തല്ലി പൊട്ടിച്ച വാര്‍ത്ത പുറം ലോകമറിയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ അതി ഭീകരമായ രീതിയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് കാണാം. ആറു മാസം മുതല്‍ പ്രായമാകുന്ന കുട്ടികള്‍ അതിക്രമത്തിന് ഇരയാക്കപ്പെടുന്നുണ്ട്.
അയല്‍വാസികളും ബന്ധുക്കളുമടക്കുള്ളവരാണ് പ്രതിയായി വരുന്നത്. ഇത് ആശങ്കാജനകമാണ്.
2008 മുതല്‍ 2018 വരെ 413 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളെ കൊലപ്പെടുത്തത് കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2009-ല്‍ 44 കൊലപാതകങ്ങളാണ് നടന്നിട്ടുള്ളതെങ്കില്‍ 2018-ല്‍ നേര്‍ പകുതിയായിട്ടുണ്ട്. 22 കൊലപാതകങ്ങളാണ് നടന്നത്.
എന്നാല്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുത്തനെ ഉയരുകയാണ് ചെയ്തത്. 6854 കുട്ടികളാണ് പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളത്. 2008-ല്‍ 215 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളങ്കില്‍ 2018-ല്‍ 1204 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1433 കുട്ടികളെ തട്ടികൊണ്ട് പോവുകയോ കാണാതാവുകയോ ചെയ്തു. ഔദ്യോഗിക കണക്കു പ്രകാരം 2008 മുതല്‍ രണ്ട് ശിശുഹത്യ മാത്രമാണ് നടന്നിട്ടുള്ളത്. 12,642 കേസ്സുകളാണ് മറ്റു അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്ന ഘട്ടത്തില്‍ അവരുടെ സംരക്ഷണത്തിനായി 2012-ലാണ് ചൈൽഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തനം പരാജയപ്പെടുന്നു എന്ന രീതിയാണ് പുറത്ത് വരുന്ന അതിക്രമങ്ങളുടെ തോത് വെളിപ്പെടുത്തുന്നത്. എന്നാല്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മൂടപ്പെടാതെ പുറത്തു വരുന്നുണ്ട്.