കൊച്ചി:
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച് യുവാവ്. ആദിവാസി വിഭാഗത്തില്‍ നിന്ന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വിജയം കൈവരിച്ച് ശ്രീധന്യയെപ്പറ്റിയുള്ള വാര്‍ത്തയ്ക്ക് താഴെയാണ് അജയ് കുമാര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്ന് അധിക്ഷേപ കമന്റ് നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. ‘ആദിവാസി കുരങ്ങ്’ എന്നാണ് ഇയാള്‍ ശ്രീധന്യയെ അധിക്ഷേപിച്ചിരിക്കുന്നത്.
അജയ് കുമാറിന്റെ പ്രൊഫൈലില്‍ കൊച്ചി വിമാനത്താവളത്തിലെ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി പേര്‍ വിമാനത്താവള കമ്പനിയായ ‘സിയാലു’മായി ബന്ധപ്പെടുകയും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇങ്ങനെയൊരു വ്യക്തി തങ്ങളുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നില്ലെന്നു പറഞ്ഞ് ‘സിയാല്‍’ അധികൃതര്‍തന്നെ രംഗത്തെത്തി.
ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി ഐഎഎസ് ലഭിച്ച ശ്രീധന്യ സുരേഷിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാള്‍ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധമില്ലെന്ന് സിയാല്‍ പിആര്‍ഒ പിഎസ് ജയന്‍ അറിയിച്ചു. സിയാലിലെ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ശ്രീധന്യ സുരേഷിനെ സിയാലിലെ ജീവനക്കാരും മാനേജ്‌മെന്റും പ്രശംസിക്കുന്നതായും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.