ന്യൂഡല്‍ഹി:
നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സഖ്യത്തിനു വഴങ്ങിയതോടെ സീറ്റ് വിഭജനകാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി. ആകെയുള്ള 7 സീറ്റില്‍ 3 കോണ്‍ഗ്രസിന് എന്നാണു ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. അതേസമയം ഹരിയാനയിലെ സഖ്യത്തില്‍ തീരുമാനമായിട്ടില്ല.
ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവി തിരഞ്ഞെടുപ്പു വിഷയമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും എഎപിയുമായി ചര്‍ച്ച ചെയ്യും. ന്യൂഡല്‍ഹി, ചാന്ദ്നി ചൗക്ക്, വടക്കു കിഴക്കന്‍ ഡല്‍ഹി മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനു ലഭിക്കുമെന്നാണു സൂചന. ബാക്കിയുള്ള 4 സീറ്റുകളിലും എഎപി മല്‍സരിക്കുമോ ഒരു സീറ്റില്‍ പൊതു സ്വതന്ത്രനെ നിര്‍ത്തുമോ തുടങ്ങിയ കാര്യങ്ങളും തീരുമാനിക്കും. ഡല്‍ഹിയുടെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ ഒരാഴ്ചയായി നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ അനുകൂല നിലപാടു സ്വീകരിച്ചത്.
അതേസമയം കോണ്‍ഗ്രസിനോട് ശത്രുത ഇല്ലെന്നും ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണ് എന്നും അറിയിച്ച് ആന്ധ്രയിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്‌ഡി രംഗത്ത് വന്നു. തിരെഞ്ഞടുപ്പിനു ശേഷം സഖ്യ സാധ്യതക്കുള്ള എല്ലാ വാതിലുകളും തുറന്നിടുകയാണ് ജഗന്‍ മോഹന്‍ റെഡ്ഢി. പക്ഷെ പിന്തുണ നല്‍കണമെങ്കില്‍ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കി ഉത്തരവില്‍ ഒപ്പിടണം. അതാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ജഗന്‍ പറഞ്ഞു.