ഇന്ത്യൻ ഡോക്യുമെന്ററി ഫിലിം മേക്കറും, സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി “റീസൺ” യൂട്യൂബിൽ റിലീസ് ചെയ്തു. റീസണിന്റെ ആദ്യ ഭാഗത്തിൽ, കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽക്കറിന്റെ പ്രസംഗമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
2013 ഓഗസ്റ്റ് 20 നാണ് ദാബോൽക്കർ ഹിന്ദു വർഗീയ വാദികളാൽ കൊല്ലപ്പെടുന്നത്. അതിനു രണ്ടു വർഷത്തിനു ശേഷം കമ്മ്യൂണിസ്റ്റ് നേതാവായ ഗോവിന്ദ് പൻസാരെയും ഇവരാൽ കൊല്ലപ്പെട്ടു. അവരുടെ മരണത്തിനുത്തരവാദികളായ വലതുപക്ഷ ഭീകര സംഘടനകളെപ്പറ്റിയുള്ള ഡോക്യുമെന്ററിയാണ് റീസൺ.
ഗോ സംരക്ഷണമെന്ന പേരിലും, തീവ്ര ദേശീയതയുടെ പേരിലും മറ്റും ദളിതുകളെയും, മുസ്ലിമുകളെയും ആക്രമിക്കുന്ന സനാതന സൻസ്ത, അഭിനവ് ഭാരത് എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളെക്കൂടെ ഡോക്യുമെന്ററിയിലൂടെ പട്‌വർദ്ധൻ ചർച്ചചെയ്യുന്നു.
ഡോക്യുമെന്ററിയുടെ ആദ്യ രണ്ടു ഭാഗങ്ങളും യൂട്യൂബിൽ ഇന്നലെ റിലീസ് ചെയ്തു. എട്ടു ഭാഗങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ഇതിനു ബെസ്റ്റ് ഫീച്ചർ ലെങ്ത് ഡോക്യുമെന്ററി അവാർഡും മേളയിൽ ലഭിച്ചിരുന്നു.
അന്ധവിശ്വാസങ്ങൾക്കെതിരെ ക്യാമ്പയ്‌നുകൾ നടത്തിയ നേതാവാണ് ദബോൽക്കർ. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുമായി ചേർന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം. പൂനെയിൽ വച്ച പ്രഭാത സവാരിക്കിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
സി.പി.ഐ. നേതാവായിരുന്ന ഗോവിന്ദ് പൻസാരെയും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. 2015 ഫെബ്രുവരി 16 നു പ്രഭാത സവാരിക്കിടെ രണ്ടുപേരുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വെടിയേറ്റ് നാലു ദിവസത്തിനു ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.
“വേവ്‌സ് ഓഫ് റെവല്യൂഷൻ” (1971) “റാം കെ നാം” (1991), “ഫാദർ, സൺ ആൻഡ് ദി ഹോളി വാർ” (1995) “ജയ് ഭീം കോമേറെഡ്’ (2012) തുടങ്ങിയ പ്രശസ്ത ഡോക്യുമെന്ററികളുടെ സംവിധായകനാണ് ആനന്ദ് പട്‌വർദ്ധൻ.
ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ ചിത്രമാണ് റീസണിലൂടെ കാണിച്ചിരിക്കുന്നത്.