#ദിനസരികള് 719
ബില്‍ ബ്രിസന്റെ വിഖ്യാതമായ A Short History of Nearly Everything, ഡ്യൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന്‍ മുഴുവനുമായിട്ടുമില്ലെങ്കിലും ഓറിയന്റല്‍ ഹെറിറ്റേജ്, ഫോസ്റ്ററുടെ The Vulnerable Planet, നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ മുതലായ കൃതികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാറ്റിയെഴുതണമെന്നത് എന്റെയൊരു ആഗ്രഹമാണ്. (അതുപോലെതന്നെ നാലാപ്പാടനില്‍ നിന്നും പാവങ്ങളെ മോചിപ്പിച്ചെടുക്കണമെന്നും മലയാളത്തില്‍ സമഗ്രവും ഫലവത്തുമായ ഒരു ഇംഗ്ലീഷ് വ്യാകരണ ഗ്രന്ഥം – അക്ഷരം മുതല്‍ പഠിക്കാന്‍ സഹായിക്കുന്ന ഒന്ന് – തയ്യാറാക്കണമെന്നും ഞാനാഗ്രഹിക്കാറുണ്ട്.)
ഇങ്ങനെ ചില ചരിത്രഗ്രന്ഥങ്ങള്‍ – പ്രത്യേകിച്ചും ലോകചരിത്രം – കൂടി കുട്ടികളുടെ ഭാഷയിലേക്ക് മാറ്റിയെഴുതണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നതുപോലെയൊക്കെ നടന്നിരുന്നുവെങ്കില്‍ ഞാനാരായേനെ എന്ന ചോദ്യം അപ്രസക്തമാണ്. കുന്നോളം ആഗ്രഹിച്ചാലേ കുന്നിമണിയോളം കിട്ടൂ എന്ന പഴമൊഴി വെറുതയല്ലെന്ന് ഓര്‍മിപ്പിക്കുക മാത്രം ചെയ്യട്ടെ.
എന്തായാലും മേല്‍പറഞ്ഞ പുസ്തകങ്ങള്‍ നമ്മുടെ കുട്ടികളെ പഠിപ്പിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. നെഹ്റുവിന്റെ വിശ്വചരിത്രാവലോകനം എട്ടാംക്ലാസിനുള്ളില്‍ കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയോ വായിച്ചു കൊടുക്കുകയോ വേണം. രണ്ടു കാര്യങ്ങള്‍ അതുകൊണ്ട് നമുക്ക് സാധിച്ചെടുക്കാന്‍ കഴിയും . ഒന്ന്, 1930 വരെയുള്ള ലോകചരിത്രത്തെക്കുറിച്ച് ഒരു ധാരണ കുട്ടികളിലുണ്ടാക്കാന്‍ – മുതിര്‍ന്നവരിലും – ഈ പുസ്തകം പര്യാപ്തമാണ്. രണ്ട്, ഭാഷ പഠിക്കാന്‍ ഉത്തമമായ ഒരു കൃതി കൂടിയാണ് നെഹ്റു മകള്‍ ഇന്ദിരക്ക് എഴുതിയ കത്തുകളുടെ സമാഹാരമായ ഈ കൃതി.
ഇടയ്ക്ക് നമ്മുടെ മാതൃഭാഷയിലും ചില കൃതികളെ പരിചയപ്പെടുത്തേണ്ടതുണ്ട്. സൌന്ദര്യമുള്ള ഭാഷ ഉണ്ടാക്കിയെടുക്കാന്‍ അതുപകരിക്കും. വിശ്വാസത്തിന്റെ പക്ഷത്തെ മാറ്റി നിറുത്തിക്കൊണ്ട് അത്തരത്തില്‍ പഠനത്തിനെടുക്കേണ്ട ഒരു പ്രധാന കൃതി എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ്. വാല്മീകിയുടെ ഗുണവാനും വീര്യവാനുമായ രാജാവിനെ എങ്ങനെയാണ് പാടിപ്പുകഴ്ത്തി എഴുത്തച്ഛന്‍ ദൈവമാക്കി മാറ്റിയത് എന്നുകൂടി വിശദീകരിക്കാന്‍ ഈ കൃതി നമ്മെ സഹായിക്കും. അദ്ധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡം ആവര്‍ത്തിച്ച് ഉച്ചത്തില്‍ വായിപ്പിക്കുന്നതും വളരെ നല്ലതാണെന്ന് പറയട്ടെ.
അതുപോലെ സി.വി. രാമന്‍പിള്ളയുടെ ആഖ്യായികള്‍ മലയാളത്തില്‍ നമ്മുടെ കുട്ടികള്‍ വായിച്ചിരിക്കേണ്ടവയാണ്. മാര്‍ത്താണ്ഡവര്‍മ്മയിലെ ആദ്യഭാഗങ്ങളും ധര്‍മ്മരാജയില്‍ ഹരിപഞ്ചാനനന്മാരും പടത്തലവനും മറ്റുമായി നടക്കുന്ന സംഭാഷണങ്ങളുമൊക്കെ അതിമനോഹരമായ ഭാഷാപ്രയോഗത്തിന് നിദര്‍ശനങ്ങളാണ്. വാരിധി തന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ എന്നാണല്ലോ എഴുത്തച്ഛന്റെ തന്റെ അര്‍ത്ഥന. ഇത്തരം ഗ്രന്ഥങ്ങളുടെ പാരായണം അതിനു സഹായിക്കും.
പറഞ്ഞു വന്നത് ഇംഗ്ലീഷിലെ ചില ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുന്നത് സംബന്ധിച്ചാണല്ലോ. നമ്മുടെ വിവര്‍ത്തകര്‍ പലരും ചെയ്യുന്നത് പദാനുപദതര്‍ജ്ജമയാണ്. പലപ്പോഴും വളരെ കൃത്രിമത്വം തോന്നിക്കുന്ന ഒരു രീതിയാണ് അത്. ഇംഗ്ലീഷിലെ ആചാരോപചാരങ്ങളുമൊക്കെ അതേപടി മലയാളത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നവരുമുണ്ട്. ഇങ്ങനെ തര്‍ജ്ജമ ചെയ്ത കൃതികള്‍ വായനക്കാരില്‍ മടുപ്പുണ്ടാക്കുന്നു. പദാനുപദ തര്‍ജ്ജമ അടപടലേ മോശമാണ് എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. നോണ്‍ഫിക്ഷനുകള്‍ ഭാഷാന്തരം ചെയ്യുവാന്‍ ഒരു പക്ഷേ ഏറ്റവും മികച്ച രീതി അതുതന്നെയായിരിക്കും. എന്നാല്‍ ഫിക്ഷനുകളില്‍ അതെത്രമാത്രം വിജയിക്കുമെന്നത് സന്ദര്‍ഭോചിതമായി നിശ്ചയിക്കേണ്ടതാണ്.
ഒരുദാഹരണം പറയാം. പാബ്ലോ നെരൂദയുടെ Tonight I Can Write The Saddest Lines എന്ന മനോഹരമായ കവിത എടുക്കുക. സച്ചിദാനന്ദനും കെ.ജി.എസും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ ഈ കവിത മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. എന്നാല്‍ ബാലചന്ദ്രന്‍ കവിതയുടെ ഭാവത്തെ മൊഴിമാറ്റിയപ്പോള്‍ മറ്റുള്ളവര്‍ ഭാഷയെ മാറ്റി എന്നാണ് എന്റെ വായനാനുഭവം. അതുകൊണ്ട് ചുള്ളിക്കാടിന്റെ വിവര്‍ത്തനം മറ്റുള്ളവരുടേതിനെക്കാള്‍ നമ്മുടെ ആത്മാവിനെ ചെന്നു തൊടുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു.
പദാനുപദ രീതിയില്‍ നാം സ്വിച്ച് എന്ന വാക്കിനെ മലയാളത്തിലാക്കുമ്പോള്‍ സ്വിച്ച് എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മാറ്റുവാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് വൈദ്യുത ഗമാനാഗമന നിയന്ത്രണ യന്ത്രമൊന്നെക്കെ എഴുതിക്കളയും. തമാശക്കഥയാണെങ്കിലും ഇത് നമ്മുടെ വിവര്‍ത്തന രീതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. സ്വിച്ച് സമാനമായ മലയാള പദമുണ്ടാക്കി സ്വിച്ച് എന്ന് അര്‍ത്ഥം കൊടുക്കേണ്ടതിനു പകരം മലയാളത്തില്‍ അര്‍ത്ഥം പറയുക എന്ന പാഴ്‌വേല അനാശാസ്യമാണ്. പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഇത്തരം ചതിക്കുഴികളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരാകേണ്ടതുണ്ട് എന്നു തന്നെയാണ് ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിക്കുന്നത്. പലരും പല രീതിയില്‍ പല വട്ടം പറഞ്ഞതാണെങ്കിലും സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചുവെന്ന് മാത്രം.
പറഞ്ഞുവന്നത്, മലയാളത്തിലെ കുട്ടികള്‍ക്കു വേണ്ടി ലളിതമായ ഭാഷയില്‍ ചില ഗ്രന്ഥങ്ങള്‍ മാറ്റിയെഴുതുന്നതിനെപ്പറ്റിയാണ്. പ്രത്യേകിച്ചും ശാസ്ത്രത്തിലും ചരിത്രത്തിലുമുള്ളവ. ഇനിയും നമുക്ക് തത്വചിന്തയുടെ ചരിത്രം പഠിപ്പിക്കുന്ന ഒരു നല്ല ഗ്രന്ഥം മലയാളത്തിലില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഇംഗ്ലീഷിലാകട്ടെ റസ്സലടക്കമുള്ള വിഖ്യാതരായ എത്രയോ ആളുകള്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരെ ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് മാത്രം. ഫിലോസഫിയെ ഒരുദാഹരണമായി സ്വീകരിച്ചുവെന്നേയുള്ളു. അതുപോലെയുള്ള പുസ്തകങ്ങളെ നമ്മുടെ കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കിയെടുക്കുവാന്‍ നാമിനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അതുകൊണ്ട് ചില പുസ്തകങ്ങളെ മാതൃകയാക്കി വെച്ചു കൊണ്ടോ ആശയാനുവാദം ചെയ്തുകൊണ്ടോ ഉള്ള രചനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ പുതിയ തലമുറയ്ക്ക് ഒരു പുതിയ വായനാസംസ്കാരമുണ്ടാക്കിയെടുക്കാനും ലോകം ചിന്തിക്കുന്നതെങ്ങനെയെന്ന് ബോധ്യപ്പെടുത്താനും ആ രചനകള്‍ക്ക് കഴിയും. ശാസ്ത്രീയാവബോധവും യുക്തിചിന്തയും പഠിപ്പിക്കുന്നതിന് കുട്ടികളില്‍ നല്ല വായന വളര്‍ത്തിയെടുക്കുക എന്നതുമാത്രമാണ് വഴി. അത് കുട്ടികളായിരിക്കുമ്പോഴേ ചെയ്തു ശീലിപ്പിക്കണം എന്നതാണ് മുതിര്‍ന്നവരുടെ കടമ.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.