‘ഗ്യാംഗ്‌സ് ഓഫ് വാസ്സിപൂർ’, ‘കിക്ക്’, ‘പേട്ട’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖി പ്രശസ്ത ബംഗ്ലാദേശി സംവിധായകൻ മൊസ്തോഫാ സർവാർ ഫാറൂക്കിയുടെ അടുത്ത ചിത്രമായ ‘നോ ലാൻഡ്സ് മാൻ’ (‘No Land’s Man’) എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലുള്ള ‘നോ ലാൻഡ്സ് മാൻ’, ഒരു ദക്ഷിണേഷ്യൻ പുരുഷൻ നടത്തുന്ന, നിരവധി അടരുകളുള്ള, ദുരന്ത സമാനവും, വിചിത്രവും, ചില സമയങ്ങളിൽ രസകരവുമായ യാത്രയുടെ കഥപറയുന്ന ചിത്രമാണ്. യു.എസ്-ൽ വച്ച് ഒരു ഓസ്ട്രേലിയൻ പെൺകുട്ടിയെ കണ്ടുമുട്ടുന്നതോടെ ഇയാളുടെ യാത്ര സങ്കീർണ്ണമായ രൂപം പ്രാപിക്കുന്നു.
പ്രശസ്ത ബംഗ്ലാദേശി ടെലിവിഷൻ നടി നസ്രാത് ഇംറോസ് ടിഷയും ഫാറൂക്കിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2014-ൽ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് ഫണ്ടായ മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയും, ഏഷ്യ പസിഫിക് സ്ക്രീൻ അവാർഡും “നോ ലാൻഡ്സ് മാൻ” നേടിയിരുന്നു. ബുസാനിലെ ഏഷ്യൻ പ്രോജക്ട് മാർക്കറ്റിന്റെ ഭാഗമായിരുന്ന ചിത്രം അതേ വർഷം തന്നെ ഇന്ത്യയുടെ ഫിലിം ബസാറയിലെ മികച്ച പ്രൊജക്ടായി തിരഞ്ഞെടുത്തു. നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്, ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും.
ഈ വർഷത്തെ സൺഡാൻസ്, ബെർലിൻ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ‘ഫോട്ടോഗ്രാഫ്’ എന്ന ചിത്രത്തിലാണ് സിദ്ദിഖി അവസാനമായി പ്രത്യക്ഷപ്പെട്ടത്. ‘മാന്റോ’, ‘ലയൺ’, ‘ദി ലഞ്ച്ബോക്സ്’ ‘മിസ്സ് ലൗലി’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ നടനാണ് നവാസുദ്ദീൻ സിദ്ദിഖി. സിദ്ദിഖിയുടെ നെറ്റ്ഫ്ലിക്സ് പാരമ്പരയായ ‘സേക്രഡ് ഗെയിംസ്’ഉം ഏറെ പ്രശസ്തി നേടിയിരുന്നു. പരമ്പരയുടെ രണ്ടാം സീസണിലും സിദ്ദിഖി വേഷമിടുന്നുണ്ട്.
ഫാറൂക്കിയുടെ ‘ടെലിവിഷൻ’ എന്ന ചിത്രം 2012 ബുസാൻ ഫിലിം ഫെസ്റ്റിവലിന്റെ സമാപനചിത്രം ആയിരുന്നു. അദ്ദേഹത്തിന്റെ ഭീകരവാദത്തെപ്പറ്റിയുള്ള പുതിയ ചിത്രം ‘സാറ്റർഡേ ആഫ്റ്റർനൂൺ’ ഈ മാസം അവസാനം മോസ്കോയിൽ പ്രദർശിപ്പിക്കും.