കൊച്ചി:
കൊട്ടിയൂരില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട, ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയതെന്നാണ് അപ്പീലില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, വൈദികന്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
2016-ലാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയായിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. കേസില്‍ 2017-ല്‍ റോബിന്‍ വടക്കുംചേരി അറസ്റ്റിലായി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം പുറംലോകമറിയുകയും ചൈല്‍ഡ്‌ലൈനും പോലിസും ഇടപെടുകയുമായിരുന്നു.
ഡി.എന്‍.എ പരിശോധനയിലൂടെ, പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫോ. റോബിനാണെന്നു തെളിഞ്ഞിരുന്നു. വിചാരണവേളയില്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കളും, പെണ്‍കുട്ടി തന്നെയും ഫാ. റോബിന് അനുകൂലമായി മൊഴിമാറ്റിയിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ തലശ്ശേരി പോക്സോ കോടതി 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് വടക്കും ചേരി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.