ന്യൂഡല്‍ഹി:
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിനെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ താക്കീതു ചെയ്തേക്കുമെന്നു സൂചന. സാമ്പത്തിക വിദഗ്ദ്ധനെന്ന നിലയിലാണെന്നും ഔദ്യോഗിക പദവിയുമായി അഭിപ്രായത്തിനു ബന്ധമില്ലെന്നുമെല്ലാം രാജീവ് കുമാര്‍ വിശദീകരിച്ചിരുന്നെങ്കിലും ഇതു തൃപ്തികരമല്ലെന്ന നിലപാടാണ് കമ്മീഷന്.
ഔദ്യോഗിക പദവിയിലിരുന്നു ഭരണകക്ഷിക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നതു പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നതിനാലാണ് കമ്മീഷന്‍ നടപടിയിലേക്കു നീങ്ങുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിയെ വിമര്‍ശിച്ചാണ് നീതി ആയോഗ് വൈസ് ചെയര്‍മാര്‍ രാജീവ് കുമാര്‍ നേരത്തെ രംഗത്തെത്തിയത്.
മിനിമം വരുമാന പദ്ധതി അപ്രായോഗികമാണെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചന്ദ്രനെ വരെ വാഗ്ദാനം നല്‍കുകയാണ് കോണ്‍ഗ്രസ് എന്നുമായിരുന്നു രാജീവ് കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനം. എന്നാല്‍ ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥന്റെ പ്രസ്താവന ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ വിമര്‍ശിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന കമ്മീഷന്‍ നോട്ടീസിന് മറുപടിയുമായി നേരത്തെ വി.സി. രാജീവ് കുമാര്‍ രംഗത്ത് വന്നിരുന്നു. താന്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് നീതി ആയോഗിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് രാജീവ് കുമാര്‍ പറഞ്ഞത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കെ അന്നത്തെ പ്ലാനിങ്ങ് കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന മൊണ്ടേക് സിങ്ങ് അലുവാലിയയും ഗുജറാത്ത് മോഡലിനെ അന്ന് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നെന്നും രാജീവ് കുമാര്‍ പറഞ്ഞു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ നീതി ആയോഗ് പിരിച്ചുവിടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. നീണ്ട കാലത്തെ പാരമ്പര്യമുള്ള ആസൂത്രണ കമ്മീഷൻ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.