ന്യൂഡല്‍ഹി:
സഖ്യമില്ലെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഡല്‍ഹിയില്‍ വീണ്ടും എഎപി- കോണ്‍ഗ്രസ് ചര്‍ച്ച സജീവം. നിര്‍ണായക തീരുമാനം ഉടനുണ്ടാകും. ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോണ്‍ഗ്രസ് നിലപാടു മാറ്റിയതോടെ എ.എ.പിയും അനുകൂലമായി പ്രതികരിക്കുന്നു. ഒറ്റയ്ക്കു മല്‍സരിച്ചാല്‍ ജയസാധ്യതയില്ലെന്നു ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ഭാരവാഹി പി.സി. ചാക്കോ അറിയിച്ചതോടെ മറ്റു സാധ്യതകള്‍ ആരായാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ്, സഖ്യം വേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാന്‍ നീക്കം തുടങ്ങിയത്.
എ.എ.പിക്ക് 4, കോണ്‍ഗ്രസിന് 3 സീറ്റ് എന്ന രീതിയിലാണു ചര്‍ച്ച പുരോഗമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകാതെയുണ്ടാകുമെന്നാണു സൂചന. അതേസമയം, ഡി.പി.സി.സി. അധ്യക്ഷ ഷീലാ ദീക്ഷിതും മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരും സഖ്യത്തിനെതിരായ നിലപാടു തുടരുകയാണ്. എന്നാല്‍, മുന്‍ ഡി.പി.സി.സി. പ്രസിഡന്റ് അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ സഖ്യമില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് അറിയിക്കുകയും ചെയ്തു.