തിരുവനന്തപുരം:
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍. ഇന്നലെ മാത്രം 41 പത്രികകള്‍ ലഭിച്ചു. കൊല്ലം- കെ.എന്‍. ബാലഗോപാല്‍ (എല്‍ഡിഎഫ്), വയനാട്- തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ), കണ്ണൂര്‍- കെ. സുധാകരന്‍ (യുഡിഎഫ്), കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്) എന്നിവര്‍ ഇന്നലെ പത്രിക നല്‍കി.
വയനാട് (7), കൊല്ലം, പാലക്കാട് (4 വീതം), ആറ്റിങ്ങല്‍, എറണാകുളം (3 വീതം), പത്തനംതിട്ട, കോട്ടയം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂര്‍ (2 വീതം) എന്നിങ്ങനെയാണു വിവിധ മണ്ഡലങ്ങളില്‍ ഇന്നലെ ലഭിച്ച പത്രികകള്‍. സംസ്ഥാനത്തെ പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറക്കിവിട്ടാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞ മാസം 28ന് ആരംഭിച്ചത്. ആവേശം അതിന്റെ കൊടുമുടുയിലെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് പത്രികാ സമര്‍പ്പണം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കുന്നത്. നാളെയാണ് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടു വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.
ഇത്തവണ 2 കോടി 60 ലക്ഷത്തോളം വോട്ടര്‍മാരാകും അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക. ഏപ്രില്‍ 23നാണ് കേരളം പോളിംഗ് ബുത്തിലെത്തുക. വോട്ടെണ്ണല്‍ മേയ് 23നും നടക്കും.