വാരാണസി:
ബീഹാര്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. എം.സി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഗൗരവ് സിംഗാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും, ഗൗരവിന്റെ പിതാവിന്റെ പരാതി പ്രകാരം കേസെടുത്തതായും വാരാണസി പോലീസ് മേധാവി ആനന്ദ് കുല്‍ക്കര്‍ണി അറിയിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഗൗരവിന് നെഞ്ചത്തും വയറ്റിലും വെടിയുണ്ടകള്‍ ഏറ്റതാണ് മരണകാരണം.
പ്രദേശത്തെ സി.സി.ടി.വിയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സംഭവത്തിനു പിന്നാലെ സര്‍വകലാശാലയിലെ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഇത് കാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷത്തിനും ഇടയാക്കി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സര്‍വകലാശാലാ കാമ്പസിനു പുറത്തുള്ള ഹോസ്റ്റലിനു മുമ്പിലേക്ക് രണ്ട് ബൈക്കുകളിലായെത്തിയ നാല്‍വര്‍ സംഘം ഗൗരവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗൗരവ് സുഹൃത്തുക്കളോടു സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ഉടന്‍ തന്നെ കാമ്പസിനകത്തെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു.
2017 സെപ്തംബറില്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ ബസ് കത്തിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച് ഗൗരവിനെ കഴിഞ്ഞ വര്‍ഷം സര്‍വകലാശാല അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.