Mon. Dec 23rd, 2024
തിരുവനന്തപുരം:

ആലത്തൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്. എ വിജയരാഘവന് ജാഗ്രത കുറവുണ്ടായിയെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. സ്ത്രീകളെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജോസഫൈന്‍ പറഞ്ഞു.

അതേസമയം, എ വിജയരാഘവനെതിരായ പരാതിയില്‍ ഇന്ന് രമ്യ ഹരിദാസിന്‍റെ മൊഴിയെടുക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്ക്കറാണ് മൊഴിയെടുക്കുക. രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തിരൂര്‍ ഡിവൈഎസ്പി അറിയിച്ചു.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രമ്യയ്ക്കതിരെ സംസാരിച്ചത്. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ.വിജയരാഘവന്റെ തുടര്‍ന്നുള്ള പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

അതേസമയം, പ്രസ്താവനയില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. താന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

എ. വിജയരാഘവന്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശം വളച്ചൊടിച്ചെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നത്. മണ്ഡലത്തില്‍ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണരംഗത്ത് കാഴ്ചവയ്ക്കുകയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ തോല്‍പിക്കുന്ന തരത്തില്‍ രമ്യ ഹരിദാസ് മുന്നേറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ഭാഗത്തു നിന്നും മോശം പരാമര്‍ശം എത്തുന്നത്.

രാഹുല്‍ ഗാന്ധിക്കെതിരെ സി.പി.എം മുഖപത്രത്തിന്റെ ‘പപ്പു സ്ട്രൈക്ക് ” സൃഷ്ടിച്ച പൊല്ലാപ്പിന് പിന്നാലെ, എ. വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശം കൂടിയായപ്പോള്‍ സി.പി.എമ്മും ഇടതുമുന്നണിയും വെട്ടിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *