തിരുവനന്തപുരം:
ശശി തരൂരിന് വോട്ട് ചെയ്യും എന്ന് പ്രഖ്യാപിച്ച തന്റെ നിലപാടിനെ വിമർശിച്ച എഴുത്തുകാരി ലക്ഷ്മി രാജീവിന് മറുപടി നൽകി പ്രശസ്ത സാഹിത്യകാരൻ സക്കറിയ. ലക്ഷ്മി രാജീവിന്റെ പുരോഗമനപരവും മതേതരവും സ്ത്രീപക്ഷപരവും ആയ നിലപാടുകളെ താൻ ആദരിക്കുന്നു എന്നും, പക്ഷെ ശശി തരുരിന്റെ കാര്യത്തിൽ വിയോജിക്കുന്നു എന്നും സക്കറിയ ഫേസ്ബുക്കിൽ കുറിച്ചു. ഭരണകൂടം എന്നാൽ ഒരു പറ്റം മന്ത്രിമാർ ആണെന്ന് ലക്ഷ്മി തെറ്റിദ്ധരിച്ചിരിക്കുന്നുവെന്ന് തോന്നുന്നു എന്ന് പറഞ്ഞ സക്കറിയ, മന്ത്രിമാർ അധികാരത്തിന്മേൽ രാഷ്ട്രീയ പാർട്ടികൾ വയ്ക്കുന്ന പേപ്പർ വെയ്റ്റ്കൾ മാത്രമാണ് എന്നും അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ ശശി തരൂർ പ്രകടിപ്പിച്ച ചാഞ്ചല്യത്തെ പറ്റിയുള്ള ലക്ഷ്മിയുടെ നിരൂപണത്തോട് താൻ യോജിക്കുന്നു. എന്നാൽ ശശി തരൂരിന് താൻ നൽകുന്ന പിന്തുണ അതിന്റെ ഗൗരവം കുറച്ചു കണ്ടു കൊണ്ടല്ല, ആ പ്രശ്നം മലയാളികളുടെ മേൽ അടിച്ചേൽപ്പിച്ച ശക്തികളെ അഖിലേന്ത്യാ തലത്തിൽ തോൽപ്പിക്കേണ്ട ആവശ്യം മനസ്സിലാക്കി കൊണ്ടാണെന്നും സക്കറിയ പറഞ്ഞു.
ഞായറാഴ്ച സക്കറിയ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ തിരുവനന്തപുരം കോൺഗ്രസ്സ് സ്ഥാനാർത്ഥി ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ് അഞ്ച് വര്‍ഷമായി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിൽ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ താൻ കാണുന്നതാണ് എന്നും. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട് എഴുത്തുകാരനും ചിന്തകനും പ്രഭാഷകനും പ്രതിഭാധനനായ സാമാജികനുമാണ് തരൂര്‍ എന്നും. ഇന്ത്യന്‍ ജനാധിപത്യത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിനും മുതല്‍ക്കൂട്ടായിരിക്കും ശശിതരൂര്‍ എന്നതുകൊണ്ട് താൻ അദ്ദേഹത്തിനാണ് വോട്ടുചെയ്യുന്നത് എന്നായിരുന്നു സക്കറിയ കുറിച്ചത്.
ഇതിനെ വിമർശിച്ചാണ് ലക്ഷ്മി രാജീവ് പോസ്റ്റിട്ടത്, “തിരുവനന്തപുരത്ത് ശശി തരൂരിന് വോട്ടു ചെയ്യുമെന്ന് പ്രിയ എഴുത്തുകാരന്‍ സക്കറിയ. ആദരപൂര്‍വം കഥാകൃത്തിനോട് വിയോജിക്കട്ടെ” എന്ന തലക്കെട്ടോടു കൂടിയായിരുന്നു ലക്ഷ്മി രാജീവിന്റെ പോസ്റ്റ്. ഭരണകൂടം എന്നാല്‍ എന്‍.ജി.ഒ. യൂണിയനെന്നും അധികാരം എന്നാല്‍ പാഞ്ഞു പോകുന്ന മന്ത്രി വാഹനവുമാണെന്ന് മനസ്സിലാക്കുന്ന അതേ സക്കറിയന്‍ യുക്തിയാണ് ഇതെന്നാണ് ലക്ഷ്മി രാജീവ് വിമർശിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അദാനിക്ക് വേണ്ടി നിന്നതാണോ, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാനായി വാദിച്ചതാണോ, ശശിതരൂരിന്റെ പ്രവര്‍ത്തനങ്ങളെന്നും തിരുവനന്തപുരത്തിന്റെ എം.പി. എന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ നിൽക്കേണ്ട ആളായിരുന്നു അദ്ദേഹമെന്നും ലക്ഷ്മി രാജീവ് തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ഈ കുറിപ്പിന് മറുപടി ആയിട്ടാണ് സക്കറിയയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.