ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഗൂഗിളിന്റെ ഇൻബോക്സും, ഗൂഗിൾ പ്ലസുമാണ് ഏപ്രിൽ രണ്ടിന് ഗൂഗിൾ അവസാനിപ്പിച്ചത്. 2004 ഏപ്രിൽ ഒന്നിനാണ് ജിമെയിൽ ഗൂഗിൾ ആരംഭിച്ചത്. ഇതാ പതിനഞ്ചു വർഷത്തിന് ശേഷം ജിമെയിലിന്റെ മറ്റൊരു ആപ്ലിക്കേഷനായ ഇൻബോക്സ്
ആണ് അവസാനിപ്പിക്കുന്നത്.
സാമൂഹിക മാധ്യമത്തിൽ മുൻ പന്തിയിലുള്ള ഫേസ്ബുക്കിനെ തോൽപ്പിക്കാനായി ആരംഭിച്ച ഗൂഗിൾപ്ലസും ഗൂഗിൾ അവസാനിപ്പിച്ചു. 2014 ലാണ് ഇൻബോക്സ് ആരംഭിച്ചത്. ജിമെയിലിനെക്കാളും കൂടുതൽ ഫീച്ചേഴ്‌സുള്ള ഇൻബോക്സ് മൊബൈൽ അപ്ലിക്കേഷൻ ആയാണ് ഗൂഗിൾ പുറത്തിറക്കിയത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഓട്ടോമാറ്റിക് റിപ്ലൈ, തൽക്കാലത്തേക്ക് മെയിൽ ഓഫ് ചെയ്തു വെയ്ക്കുക, തുടങ്ങിയ നിരവധി പ്രത്യേകതകൾ ഈ ആപ്പിനുണ്ടായിരുന്നു. ഇൻബോക്സിൽ ഗൂഗിൾ അവതരിപ്പിച്ച മറ്റു പല ഫീച്ചറുകളും പിന്നീട് ജിമെയിലിലേക്ക് കടം കൊണ്ടിരുന്നു.
ഇൻബോക്സ് നിർത്തുകയാണെന്ന സൂചന ഗൂഗിൾ നേരത്തെ നൽകിയിരുന്നു. ഈ ആപ്പുപയോഗിക്കുന്നവർ ജിമെയിലിലേക്ക് മാറണമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജിമെയിൽ കൂടുതൽ വികസിപ്പിക്കുന്നതിന് ഭാഗമായാണ് ഇവ ഒഴിവാക്കുന്നതെന്ന് വാർത്തകളുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രിയങ്കരമായ ഫേസ്ബുക്കിനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ പ്ലസ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ഓർക്കൂട്ട് വരെ ഗൂഗിൾ നിർത്തലാക്കിയത്. എന്നാൽ ഇത് വിചാരിച്ചത്ര ലക്ഷ്യം കണ്ടില്ല. ദിനംപ്രതി പുതിയ ഫീച്ചേഴ്സ് അവതരിപ്പിക്കുന്ന ഫേസ്ബുക്കിനു മുന്നിൽ സാങ്കേതിക മികവിൽ താരതമ്യേന പിറകിലായ ഗൂഗിൾ പ്ലസിന് സാധിച്ചില്ല. കൂടാതെ, ജിമെയിൽ ഉപഭോക്താക്കളെയും, യൂട്യൂബ് ഉപഭോക്താക്കളെയും നിർബന്ധിച്ചു ഗൂഗിൾ പ്ലസ് അക്കൗണ്ട് എടുപ്പിക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഇതും വിജയം കണ്ടില്ല. എന്നാൽ തുടക്കത്തിൽ ഗൂഗിൾ കാണിച്ച ആവേശം പിന്നീടങ്ങോട്ട് ഗൂഗിൾ പ്ലസിന്റെ കാര്യത്തിൽ കമ്പനി കാണിച്ചില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ലേ ഔട്ട് യൂസേഴ്സ് ഫ്രണ്ട്‌ലി അല്ലാത്തതും ഇതിന്റെ പരിമിതികളിൽ ഒന്നാണ്.
എന്തിരുന്നാലും ഏപ്രിൽ 2 ഗൂഗിളിന്റെ ചരിത്രത്തിലെ കറുത്ത ദിനമായാവും അടയാളപ്പെടുത്തുക.