ലൿനൌ:
സമാജ് വാദി പാർട്ടിയിലെ മുതിർന്ന നേതാവായ അസം ഖാനെതിരെ കേസ്. രാംപൂരിലെ ജില്ലാ
ഭരണാധികാരികൾക്കെതിരെ പ്രകോപനകരമായ രീതിയിൽ സംസാരിച്ചു എന്നതിനാണ് കേസ്. എസ്.പി. ബി.എസ്.പി. സഖ്യം സ്ഥാനാർത്ഥിയായി രാംപൂർ ലോക്സഭ സീറ്റിലേക്കു നാമനിർദേശപത്രിക സമർപ്പിച്ചതിനുശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രാദേശിക കോൺഗ്രസ് നേതാവായ, ഫൈസൽ ലാല ഖാന്റെ പരാതിയിന്മേലാണ് എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 29 നു രാംപൂരിലെ, ഡി.എം, എ.ഡി.ഏം, എസ്.ഡി.എം, സിറ്റി മജിസ്റ്റ്രേറ്റ് എന്നിവർക്കെതിരെ വിദ്വേഷമുളവാക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്നാണ്, ഫൈസൽ ലാല തന്റെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കോത്‌വാലി പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ. ഫയൽ ചെയ്തിരിക്കുന്നത്.
ഏപ്രിൽ 23 നാണ് രാംപൂരിലെ വോട്ടെടുപ്പ്.
രാംപൂരിൽ നിന്ന് 9 തവണ എം.എൽ.എ. ആയ ഖാൻ, ജില്ലാ ഭരണാധികാരികളുമായി നിരന്തരമായി അഭിപ്രായവ്യത്യാസങ്ങൾ പ്രകടമാക്കിയിരുന്നു.