കൊച്ചി:
വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം. ജന:സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനിയിലെ രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള പപ്പു പരാമര്‍ശവും രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശവും സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരിയുടെ പ്രതികരണം. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്ന് പ്രതികരിച്ച അദ്ദേഹം വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ നയമല്ലെന്നും വ്യക്തമാക്കി.
രമ്യ ഹരിദാസിനെതിരെയുള്ള എ വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കുമെന്നും സ്ത്രീപക്ഷ നിലപാടില്‍ ഒരു വീട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആലത്തൂരെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന വിഷയത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ സംസ്ഥാനത്തെ സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് വിജയരാഘവനെതിരെ വിമര്‍ശനമുണ്ടായത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരമാര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നെന്നും ജാഗ്രത പാലിക്കണമായിരുന്നുവെന്നുമാണ് സെക്രട്ടറിയേറ്റിലുയര്‍ന്ന പ്രധാന വിമര്‍ശനം.
നേരത്തെ, വനിത കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈനും വിജയരാഘവനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ആരായാലും സ്ത്രീകള്‍ക്കെതിരെ സംസാരിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്നുമായിരുന്നു വനിത കമ്മീഷന്റെ വിമര്‍ശനം. വിഷയത്തില്‍ കമ്മീഷനിലെ ലോ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും ജോസഫൈന് പറഞ്ഞിരുന്നു.