Thu. Dec 19th, 2024
കൊല്ലം:

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റര്‍ നശിപ്പിച്ച ബി.ജെ.പി. പ്രവര്‍ത്തകനോട്‌ നാടു നീളെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നിര്‍ദേശം നല്‍കി ഇടതു മുന്നണി നേതാക്കള്‍. കടയടച്ച്‌ രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റര്‍ നശിപ്പിച്ച കൊട്ടാരക്കര ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് എന്ന ബാഹുലേയനോടാണ് നാടു നീളെ പോസ്റ്റര്‍ പതിക്കാന്‍ ഇടതുമുന്നണി നേതാക്കള്‍ നിര്‍ദേശം നല്‍കിയത്. കൊട്ടാരക്കര തേവലപ്പുറത്തിന് സമീപം അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്നയാളാണ്  സത്യദാസ്.

റോഡരികില്‍ മതിലില്‍ ഒട്ടിച്ചിരുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുകളാണ് സത്യദാസ് നശിപ്പിച്ചത്. ടോര്‍ച്ച്‌ അടിച്ച്‌ ആദ്യം പോസ്റ്റര്‍ ആരുടേതെന്ന് ഉറപ്പിച്ച ശേഷം പോസ്റ്ററുകള്‍ കീറിക്കളഞ്ഞ് ഒന്നും സംഭവിക്കാത്തപോലെ നടന്ന് വീട്ടിലേക്ക് പോകുന്നത് സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് നാട് നീളെ പോസ്റ്റര്‍ ഒട്ടിക്കാന്‍ സത്യദാസിന് നിര്‍ദേശം നല്‍കിയത്.

ബി.ജെ.പി. പ്രവര്‍ത്തകനായ സത്യദാസിനോട് സംഘര്‍ഷമുണ്ടാക്കാനോ മറ്റു പ്രശ്നങ്ങൾക്കോ തയ്യാറാകാതിരുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ പകരം 150 പോസ്റ്റര്‍ നല്‍കി രാവിലെ നാട് മുഴുവന്‍ ഒട്ടിക്കാന്‍ നിര്‍ദ്ദേശിച്ചു. സത്യദാസ് പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു. ഈ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *