ലക്നൊ:
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ സാധ്യതകൾ മാറി മറിയുകയാണ്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർണായക നീക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. എസ്.പി – ബി.എസ്.പി സഖ്യവും, പ്രിയങ്കാ ഗാന്ധിയുടെ വരവും യു.പിയിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അനായാസ വിജയം പ്രതീക്ഷിച്ച സംസ്ഥാനത്ത് പക്ഷെ, ഇക്കുറി ബി.ജെ.പി. വിയർക്കുമെന്നാണ് സൂചന. ഏറ്റവും ഒടുവിലായി സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ജാട്ട് സമുദായത്തിനിടയിൽ നിന്നാണ് ബി.ജെ.പിക്ക് തിരിച്ചടി ഏൽക്കേണ്ടി വന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാട്ട് സമിതി എസ്.പി – ബി.എസ്.പി. സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിയെ എതിർക്കുമെന്ന് ജാട്ട് സമിതി നേതാക്കൾ വ്യക്തമാക്കി. ജാട്ട് സംവരണം നടപ്പിലാക്കണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇവർ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തോടും ഇവർക്ക് അതൃപ്തിയുണ്ട്. സാമ്പത്തിക സംവരണം 7 ദിവസത്തിനുള്ളിൽ നടപ്പിലാക്കിയ മോദി സർക്കാർ എന്തുകൊണ്ടാണ് ജാട്ട് സംവരണം നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നിർണായക മണ്ഡലമായ മീററ്റിലെ എസ്.പി – ബി.എസ്.പി. സഖ്യത്തിന്റെ സ്ഥാനാർത്ഥി യാഖൂബ് ഖുറേഷിയെ പിന്തുണയ്ക്കുമെന്ന് യാഷ് സമിതി നേതാവ് യാശ്പാൽ മാലിക് വ്യക്തമാക്കി. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് മീററ്റ്, നിലവിലെ എം.പി. രാജേന്ദ്ര അഗർവാളാണ് ഇക്കുറിയും മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ ജാട്ട് ആരക്ഷൻ സംഘർഷ് സമിതി ബി.ജെ.പിക്ക് പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 72 സീറ്റുകളാണ് ബി.ജെ.പി. സ്വന്തമാക്കിയത്. ജാട്ട് സമുദായത്തിന് സംവരണം ഉറപ്പാക്കുമെന്ന വാഗ്ദാനം ബി.ജെ.പി. പാലിച്ചില്ല, ബി.ജെ.പി. നേതൃത്വം തങ്ങളെ വഞ്ചിച്ചെന്നും ജാട്ട് സമിതി നേതാക്കൾ ആരോപിച്ചു.
കിഴക്കൻ ഉത്തർപ്രദേശിലെ ആകെ ജനസംഖ്യയിൽ നല്ലൊരു വിഭാഗവും ജാട്ട് സമുദായത്തിൽപ്പെട്ടവരാണ്. 20 ലോക്സഭാ സീറ്റുകളിൽ ജാട്ട് വോട്ടുകൾക്ക് സ്വാധീനം ചെലുത്താനാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രദേശത്ത് ജാട്ട് സംവരണ സമരം അക്രമാസക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായുമായും ഇവർ കൂടിക്കാഴ്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഒട്ടുമിക്ക സീറ്റുകളിലും കഴിഞ്ഞ തവണ ബിജെപിക്ക് വിജയം ഉറപ്പാക്കിയത് തങ്ങളുടെ പിന്തുണയാണെന്നാണ് ജാട്ട് സമിതി ദേശീയ ഉപാധ്യക്ഷൻ മാനവേന്ദ്ര വർമ അവകാശപ്പെടുന്നത്. ഇത്തവണ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ വീഴ്ത്താന്‍ പ്രത്യക്ഷത്തില്‍ അല്ലെങ്കിലും എസ്.പി – ബി.എസ്.പി-ആര്‍.എല്‍.ഡി. സഖ്യത്തിന് പരോക്ഷ സഹായം ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ളതും കോൺഗ്രസിന് വലിയ പ്രതീക്ഷയില്ലാത്തതുമായ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചില മണ്ഡലങ്ങളിൽ മേൽ ജാതി വോട്ടുകൾ ഭിന്നിപ്പിച്ച് സഖ്യ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാനാണ് നീക്കമെന്നാണ് സൂചന. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ്. മെയ് 23നു നിർണായക തിരഞ്ഞെടുപ്പിന്റെ ഫലം അറിയാം.