ലോക്സഭ തിരഞ്ഞെടുപ്പിൽ വിദ്വേഷ രാഷ്ട്രീയത്തിന് വോട്ട് ചെയ്യരുതെന്ന് ഇന്ത്യക്കാരോട് ആഹ്വാനം ചെയ്ത് ആനന്ദ്, അരുന്ധതി റോയ്, കെ.സച്ചിദാനന്ദൻ തുടങ്ങി ഇന്ത്യയിലെ 219 പ്രമുഖ എഴുത്തുകാരുടെ സംയുക്ത പ്രസ്താവന. “വൈവിദ്ധ്യവും തുല്യവുമായ ഇന്ത്യ”ക്ക് വേണ്ടി വോട്ടു ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ഗിരീഷ് കർണാട്, റോമില ഥാപ്പർ, അമിതാവ് ഘോഷ് തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പിട്ട എഴുത്തുകാരിൽ ഉൾപ്പെടുന്നു.
പ്രസ്താവനയുടെ പൂർണ്ണരൂപം:
വിദ്വേഷരാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുക. സമത്വവും നാനാത്വവും നിലനിനിൽക്കുന്ന ഒരിന്ത്യയ്ക്കായി വോട്ടു ചെയ്യുക: ഇന്ത്യന്‍ പൗരരോട് എഴുത്തുകാരുടെ അഭ്യര്‍ത്ഥന
വരാന്‍ പോകുന്ന പൊതുതിതെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു വഴിത്തിരിവാണ്. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യാവകാശങ്ങളും, ഇഷ്ടമുള്ള പോലെ ഭക്ഷിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യവും, ആവിഷ്കാരസ്വാതന്ത്ര്യവും, വിയോജിക്കുവാനുള്ള അവകാശവും നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ചില വര്‍ഷങ്ങളില്‍, സമുദായത്തിന്റെയും, ജാതിയുടെയും, ലിംഗത്തിന്റെയും, ജന്മദേശത്തിന്റെയും പേരില്‍ ജനങ്ങള്‍ വിവേചനത്തിന് വിധേയരാകുന്നതും ആക്രമിക്കപ്പെടുന്നതും, തല്ലിക്കൊല്ലപ്പെടുന്നതും നാം കണ്ടു. രാജ്യത്തെ വിഭജിക്കാനും ഭയം സൃഷ്ടിക്കാനും സമ്പൂർണപൗരരായി ജീവിക്കുന്നതില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ഒഴിച്ചുനിർത്താനും വിദ്വേഷ രാഷ്ട്രീയം ഉപയോഗിക്കപ്പെടുന്നു. എഴുത്തുകാരും, കലാകാരന്മാരും, സിനിമാനിർമ്മാതാക്കളും പാട്ടുകാരും, സാംസ്കാരികപ്രവർത്തകരും ഭീഷണിക്കും, സെൻസർഷിപ്പിനും വിധേയരാകുന്നു. അധികാരികളെ ചോദ്യം ചെയ്യുന്നവർ അപകടത്തിലാണ്; കപടവും അപഹാസ്യവുമായ ആരോപണങ്ങൾ ചുമത്തി അവരെ ഉപദ്രവിക്കുന്നതും തടങ്കലിലാക്കുന്നതും പതിവായിരിക്കുന്നു.
ഈ സ്ഥിതി മാറണമെന്ന് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. യുക്തിവാദികളും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും ആക്രമിക്കപ്പെടുന്നതും, കൊല്ലപ്പെടുന്നതും അനുവദിക്കാനാവില്ല. സ്ത്രീകളെയും, ദളിതരെയും, ആദിവാസികളെയും, ന്യൂനപക്ഷങ്ങളെയും വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും ഹിംസിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണം. എല്ലാവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യപരിരക്ഷ ഇവയ്ക്കെല്ലാമുള്ള തുല്യാവസരങ്ങളും ഉപാധികളും നടപടികളും ഉണ്ടാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാത്തിലുമുപരിയായി നമ്മുടെ വൈവിധ്യം നിലനിൽക്കുകയും ജനാധിപത്യം പുലരേണ്ടതുമുണ്ട്.
ഇത് നമുക്ക് എങ്ങിനെ ചെയ്യാനാകും? അത്യാവശ്യമായ ഈ മാറ്റം നാം എങ്ങിനെ കൊണ്ടുവരും? നാം ചെയ്യേണ്ട, നമുക്ക് ചെയ്യാൻ കഴിയുന്ന, പലതുമുണ്ട്. എന്നാല്‍ നിര്‍ണ്ണായകമായ ഒരു ആദ്യ ചുവടുണ്ട്.
നമുക്ക് ഉടൻ എടുക്കാവുന്ന ആ ആദ്യത്തെ ചുവട് വിദ്വേഷരാഷ്ട്രീയത്തെ വോട്ടിലൂടെ പുറത്താക്കുക എന്നതാണ്. നമ്മുടെ ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്കരിക്കുക, ഹിംസയ്ക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരെ വോട്ടു ചെയ്യുക . നമ്മുടെ ഭരണഘന നല്‍കിയ വാഗ്ദാനങ്ങള്‍ പുതുക്കുന്ന ഒരിന്ത്യയ്ക്കു വേണ്ടി വോട്ടു ചെയ്യാൻ നമുക്കുള്ള ഒരേയൊരു വഴി ഇതാണ്. അതുകൊണ്ടാണ് നാനാത്വവും സമത്വവും പുലരുന്ന ഒരു ഇന്ത്യയ്ക്കുവേണ്ടി വോട്ടു ചെയ്യുവാൻ ഞങ്ങള്‍ എല്ലാ പൗരന്മാരോടും ആവശ്യപ്പെടുന്നത്.