Sat. Jan 18th, 2025
കൊൽക്കത്ത:

ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുന്ന രണ്ടു സ്ത്രീകൾ അനുഭവിക്കുന്ന വിവേചനത്തിന്റെ കഥ പറയുന്ന ഹൃസ്വ ചിത്രം, “ദി ഡിസ്‌ഗൈസ്‌” ശ്രദ്ധ നേടുന്നു. പാരമ്പര്യരീതികളും മതപരമായവയും മുറുകെ പിടിക്കുന്ന കുടുംബത്തിലെ സ്ത്രീയും പുരോഗമനാശയങ്ങളിൽ വിശ്വസിക്കുന്ന സ്ത്രീയുമാണ് സിനിമയിലെ കഥാപാത്രങ്ങൾ. രണ്ടു പേരെയും അലട്ടുന്ന ഒരു പ്രശ്നം വരുമ്പോൾ മാത്രമാണ് ഇരുവരും തങ്ങളുടെ ഐഡന്റിറ്റിയെ പറ്റി ചിന്തിക്കുന്നത്.

ചിത്രത്തിലെ മുഖ്യ നടികളിലൊരാളായ ആർഡിയ ലണ്ടനിൽ മുസ്ലിം വനിതകൾ വിവേചനം നേരിടുന്നില്ലെന്ന് അവകാശപ്പെട്ടിരുന്ന ആളാണ്. എന്നാൽ ബുർഖ ധരിച്ച് ലണ്ടനിലൂടെ നടന്നപ്പോൾ ആർഡിയയ്ക്ക് അസഭ്യമായ പല കമന്റുകളും കേൾക്കേണ്ടി വന്നു.

ലണ്ടൻ പോലൊരു മഹാ നഗരത്തിൽ ഇപ്പോഴും ന്യൂനപക്ഷങ്ങൾ പല രീതികളിലുള്ള വിവേചനം നേരിടുന്നുണ്ടെന്ന് ഈ ഷോർട് ഫിലിമിലൂടെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്ദീപ് വർമയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 26 നു കൊൽക്കത്തയിലാണ് സിനിമ പ്രദർശിപ്പിച്ചത്.

“നമ്മൾ നമ്മുടെ സമൂഹത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നു. എന്നാൽ അടിച്ചമർത്തലുകളും അവഗണനയും അനുഭവിക്കുന്നവർക്ക് മാത്രമേ സമൂഹത്തിന്റെ യഥാർത്ഥ ചിത്രം മനസ്സിലാക്കാൻ സാധിക്കുന്നുള്ളൂ.” സംവിധായകൻ പറയുന്നു. അഴിമതിക്കെതിരെ സംസാരിച്ചതിന് കൊല ചെയ്യപ്പെട്ട ഐ.ഐ.ടി. വിദ്യാർത്ഥിയുടെ കഥ പറയുന്ന “മഞ്ജുനാഥ്”, “കഹാനിബാസ്” എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ.

റിയ മുഖർജിയാണ് പതിനെട്ടു മിനുട്ടു ദൈർഘ്യമുള്ള ഈ സിനിമയുടെ നിർമ്മാതാവും തിരക്കഥാകൃത്തും. “2018 ലാണ് ഈ സിനിമയുടെ കഥ ഞാൻ എഴുതുന്നത്. വളരെ അധികം ആനുകാലിക പ്രസക്തിയുള്ള കഥയായതിനാൽ കാലതാമസം കൂടാതെ സിനിമയാക്കേണ്ടതുണ്ടായിരുന്നു. നിരവധി നിർമ്മാതാക്കളെ കണ്ടു സമയം കളയാൻ ഇല്ലാത്തതു കൊണ്ടാണ് ഇത് ഞാൻ തന്നെ നിർമ്മിച്ചത്.” ലണ്ടൻ എനിക്ക് വളരെ നന്നായറിയാവുന്ന നഗരമാണ്. സാംസ്‌കാരികമായി നിരവധി പ്രത്യേകതകളുള്ള ഈ നഗരത്തിൽ നിർഭാഗ്യവശാൽ വലിയ തോതിൽ വംശീയതയും കടന്നു കൂടിയിട്ടുണ്ട്. അതിനെ അഭിമുഖീകരിക്കുകയാണ് ഈ സിനിമയിലൂടെ.” റിയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *