Sun. Dec 22nd, 2024
ആലത്തൂര്‍:

പ്രചരണവേളയില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ നിയമനടപടിക്കൊരുങ്ങി ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആശയപരമായ യുദ്ധമാണ് നടക്കുന്നത് അതിനിടിലേക്ക് വ്യക്തിഹത്യ നടത്തേണ്ട ആവശ്യമില്ലായിരുന്നെന്ന് രമ്യ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ആശയമാണ് സ്ത്രീ സുരക്ഷ. നവോത്ഥാനത്തിന്‍റെ പേരില്‍ വനിതാമതില്‍ നടത്തിയ സാഹചര്യത്തില്‍ ദലിത് വിഭാഗത്തില്‍ പെട്ട ഒരാളള്‍ക്കെതിരെ പ്രത്യേകിച്ചും സ്ഥാനാ‌ര്‍ത്ഥിയായിരിക്കുന്ന ഒരാളെ ഇത്തരത്തില്‍ അപമാനിക്കിരുതായിരുന്നു. എനിക്ക് അമ്മയുണ്ട്, അച്ഛനുണ്ട് അവരെല്ലാം ഇതെല്ലാം നോക്കി കാണുന്നുണ്ട്. എന്റെ പ്രദേശത്തുള്ള ഇടത് നേതാക്കന്മാരോട് അവര്‍ക്ക് അന്വേഷിക്കാമായിരുന്നു ഞാന്‍ എങ്ങനെയാണെന്ന് – രമ്യ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ വേളയില്‍ ഇത്തരത്തിലുള്ള പരാമര്‍ശം വേണ്ടിയിരുന്നില്ല. നവേത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഹത്യ നടത്തരുതായിരുന്നു. ഉത്തരവാദിത്തപെട്ട ഒരു മുന്നണി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് വേദനയുണ്ടാക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയാണ് ഉച്ചയോട് കൂടി പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മോശം പരാമര്‍ശത്തിന് ഇരയാകുന്ന അവസാനത്തെ ആളായിരിക്കണം ഞാന്‍. പിന്നോക്ക ജാതി വിഭാഗങ്ങളില്‍ നിന്ന് ഇനിയും ഒരുപാട് പേര്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും രമ്യ പറഞ്ഞു.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍‌ത്ഥിയായ രമ്യ ഹരിദാസിനെതിരെ പ്രചാരണ വേളയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയിരുന്നു . സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കായിരുന്നു. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനും. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *