Sat. Jan 18th, 2025

ഏറെ വിസ്മയങ്ങൾ അടിത്തട്ടിലൊളിപ്പിച്ചു വെച്ചതാണ് കടൽ എന്ന അത്ഭുതം. സമുദ്രത്തിന്റെ അടിത്തട്ടിലെ മായക്കാഴ്ചകളിലേക്കൊരു യാത്ര ആരും കൊതിക്കുന്നതാണ്. എന്നാൽ അവിടെ താമസിക്കാമെന്നതോ? സ്വപ്ന തുല്യമായിരിക്കും ആ അനുഭവം.

ഇന്ന് പലയിടങ്ങളിലും കടലിന്റെ ആഴത്തെ അറിഞ്ഞുകൊണ്ട് ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. അതെ, കടലിനടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ചും, റസ്റ്റോറന്റുകളെപ്പറ്റിയുമാണ് പറഞ്ഞു വരുന്നത്.

1. ജൂലെസ് അണ്ടർ സീ ലോഡ്ജ്

പ്രശസ്ത നോവലിസ്റ്റായ ജൂലെസ് വെർണയുടെ പേരിലറിയപ്പെടുന്ന ഈ ലോഡ്ജ്, ഫ്ലോറിഡയിലെ കി ലാർഗോയിലാണ്. സമുദ്രത്തിനടിയിലെ ആദ്യ ഹോട്ടലും ഇതാണ്. കൂടുതലായും ഹണിമൂൺ ആഘോഷിക്കുന്ന പങ്കാളികളും പ്രണയിനികളുമാണ് ഇവിടുത്തെ സന്ദർശകർ. സ്കൂബ ഡൈവിംഗ് അറിയുന്നവർക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ഇവിടുത്തെ താമസത്തിന് ഒരു വ്യക്തിക്ക് ഏകദേശം അറുന്നൂറിലധികം ഡോളർ വേണ്ടിവരും.

2. ഇത അണ്ടർ സീ റെസ്റ്റോറന്റ്

മാലി ദ്വീപിനു സമീപം ഇന്ത്യൻ മഹാ സമുദ്രത്തിനടിയിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റാണ് ഇത. വളരെ സുന്ദരമായ കാഴ്ചകൾക്കൊപ്പം പരമ്പരാഗത യൂറോപ്യൻ രീതിയിലുള്ള ഭക്ഷണരീതിയിൽ അല്പം ഏഷ്യൻ രുചിക്കൂട്ടും ചേർത്താണ് ഇവിടുത്തെ ആഹാരം. 2005 ൽ ആരംഭിച്ച ഈ റെസ്റ്റോറന്റ് പരമാവധി ഇരുപതു വർഷമാണ് ആയുസ്സ്.

3. അണ്ടർ വാട്ടർ സ്യൂട്ട്സ് അറ്റ് അറ്റ്ലാന്റിസ്, ദുബായ്

ദുബായിലെ പാം ജുമേറ ദ്വീപിലാണ് അണ്ടർ വാട്ടർ സ്യൂട്സ് സ്ഥിതിചെയ്യുന്നത്. ഏറ്റവും ചെലവ് കൂടിയതും, ആഡംബരവുമായ റെസ്റ്റോറന്റാണ് ഇത്. ഇവിടെ ഒരാൾക്കു ഏകദേശം 8200 ഡോളർ ചെലവഴിക്കണം. അതായത് നാട്ടിലെ ഏകദേശം ആറു ലക്ഷം രൂപ! പക്ഷെ കടലിന്റെ അകത്തളത്തിലെ എല്ലാ സൗന്ദര്യവും മതിവരുവോളം ആസ്വദിക്കാം.

4. റിയൽ പോസിഡോൺ, ഗുജറാത്ത്

ഇന്ത്യയിലെ ആദ്യ കടലിനടിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് ഇത്. ഭരത് ഭട്ട് ആണ് ഹോട്ടലിന്റെ ഉടമയും രൂപകൽപ്പന ചെയ്ത വ്യക്തിയും. 2016 ലാണ് ഈ ഹോട്ടൽ ആരംഭിച്ചത്. ഇന്ത്യൻ, തായ്, വിഭവങ്ങൾ ഇവിടെ ലഭിക്കും. പക്ഷെ സർക്കാരിൽ നിന്നുള്ള ഏതാനും രേഖകൾ കൂടെ ശരിയാക്കാനുള്ളതിനാൽ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *