Mon. Dec 23rd, 2024
ഗുര്‍ഗോണ്‍:

നീതി ലഭിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഹോളി ദിനത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം കുടുംബം. സംഭവത്തില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കുടുംബം ആത്മഹത്യ ഭീഷണി മുഴക്കിയത്. രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍‌ദ്ദത്തിന് വഴങ്ങി പൊലീസും പ്രാദേശിക ഭരണകൂടവും ആക്രമികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

‘​ഈ വിഷയം പൊതുമധ്യത്തിലുണ്ട്. ഗുണ്ടകള്‍ എങ്ങനെയാണ് മുന്‍കൂട്ടി പദ്ധതിയിട്ട് ഞങ്ങളെ ആക്രമിച്ചതെന്ന് ഓരോരുത്തര്‍ക്കും അറിയാം. എന്നിട്ടും ജില്ലാ പൊലീസ് ഞങ്ങളെ സഹായിക്കുന്നില്ല. ഞങ്ങള്‍ എഫ് ഐ ആര്‍ പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ പൊലീസ് അവര്‍ക്ക് അനുവാദം നല്‍കുകയാണ്’- ആക്രമണത്തിന് ഇരയായ മുഹമ്മദ് അക്തര്‍ പറഞ്ഞു. അവര്‍ വീ‍ട്ടില്‍ വന്ന് സ്ത്രീകളേയും പെണ്‍കുട്ടികളേയും ആക്രമിച്ചുവെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഭരണകൂടവും പൊലീസും സഹായിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ കുടുംബത്തിലെ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. കേസിലെ പ്രതിയായ രാജ്കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിനെതിരെ പൊലീസ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നു.

ഗുര്‍ഗോണില്‍ മാര്‍ച്ച്‌ 21നാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുസ്ലീം കുടുംബത്തിലെ അംഗങ്ങളെ 25 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. പാകിസ്ഥാനിലേയ്ക്ക് പോകൂ, എന്നാക്രോശിച്ച്‌ അക്രമികള്‍ യുവാക്കളെ വടിയും ലാത്തിയും ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *