ചെന്നൈ:
പ്രശസ്ത തമിഴ് നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലർച്ചയോടെയാണ് അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം അഞ്ചു മണിക്ക് സംസ്കാരം നടക്കും. ഈ അടുത്ത് അഭിനയിച്ച വിജയുടെ ‘തെറി’ എന്ന ചിത്രത്തിലെ വില്ലൻ വേഷവും, രജനികാന്തിന്റെ ‘പേട്ട’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ബൂമറാങ്’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.
അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിൽ ജെ.മഹേന്ദ്രന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജോസഫ് അലക്സാണ്ടർ എന്നാണ് മഹേന്ദ്രന്റെ ആദ്യത്തെ പേര്. തിരക്കഥാകൃത്തായിട്ടാണ് മഹേന്ദ്രന്‍ തമിഴ് സിനിമയിൽ എത്തുന്നത്. ശിവാജി ഗണേശന്റെ ‘തങ്കപ്പതക്കം’ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. 1978ൽ ഇറങ്ങിയ ” മുള്ളും മലരും ” എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. 1979 ൽ പുറത്തിറങ്ങിയ “ഉതിരിപ്പൂക്കൾ ” എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതുമൈപിത്തന്റെ ചിത്തിരന്നൈ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടിയായ അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സുഹാസിനിയുടെ ആദ്യ ചിത്രം ‘നെഞ്ചത്തെ കിള്ളാതെ’, രജനികാന്തും ശ്രീദേവിയും അഭിനയിച്ച ‘ജാണി’, ‘മെട്ടി’ എന്നീ ചിത്രങ്ങൾ, ‘പൂട്ടാത പൂട്ടുക്കൾ’ അരവിന്ദ് സ്വാമി അഭിനയിച്ച ‘സാസനം’ എന്നിവ പ്രധാന സിനിമകളാണ്. ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന ചിത്രത്തിന് ഏറ്റവും നല്ല പ്രാദേശിക ചിത്രമടക്കം മൂന്ന് ദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.