Sat. Jan 18th, 2025
കെനിയ:

”ഇത് എനിക്കുള്ള അംഗീകാരമല്ല, എന്റെ രാജ്യത്തെ യുവാക്കള്‍ക്കുള്ള അംഗീകാരമാണ്. എന്റെ വിദ്യാര്‍ത്ഥികള്‍ എനിക്കു നേടി തന്ന അംഗീകാരമാണിത്. ആഫ്രിക്ക എന്ന എന്റെ രാജ്യം ഓരോ ദിവസവും ലോകത്തിനു മുന്നില്‍ പുതിയ കഥകള്‍ രചിക്കുകയാണ്.” ലോകത്തിലെ മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ച ആഫ്രിക്കകാരനായ പീറ്റര്‍ താബിച്ചി വാക്കുകളാണിത്. പറഞ്ഞു പതിഞ്ഞ ആഫ്രിക്കന്‍ കഥകളെ മാറ്റി മറിക്കുന്ന ചരിത്രങ്ങളാണ് ആഫ്രിക്കയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഒമ്പതു പേരെ പിന്തള്ളി ഇവിടെയെത്തിയ പീറ്ററും അതു തന്നെയാണ് തെളിയിക്കുന്നത്.

കെനിയയിലെ ഉള്‍ഗ്രാമത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ പീറ്റര്‍ ലോക ശ്രദ്ധ നേടിയത് തന്റെ ശമ്പളത്തിന്റെ 80% പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ചു കൊണ്ടാണ്. 2019 ലെ ഗ്ലോബല്‍ ടീച്ചേര്‍സ് പ്രൈസ് ആയ ഒരു മില്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന് സമ്മാനമായി കിട്ടിയ തുക.

ദുബൈയില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ ഹോളിവുഡ് താരം ഹങ് ജാക്ക്മാനില്‍ നിന്ന് ഇദ്ദേഹം അവാര്‍ഡ് സ്വീകരിച്ചു. ദുബായ് ആധാരമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കി ഫൗണ്ടേഷന്റെ 5 അവാര്‍ഡ് ദാന ചടങ്ങാണ് നടന്നത്. തബിച്ചിയുടെ തന്റെ വിദ്യാര്‍ത്ഥികളുടെ കഴിവുകളിലുള്ള വിശ്വാസവും, സമര്‍പ്പണത്തെയും വര്‍ക്കി ഫൗണ്ടേഷന്‍ പ്രത്യേകം പ്രശംസിച്ചു.

കെനിയയിലെ പോണി ഗ്രാമത്തിലെ കെറിക്കോ ഡേ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കണക്കിന്റെയും ഫിസിക്സിന്റെയും അധ്യാപകനാണ് പീറ്റര്‍ തബിച്ചി എന്ന 36-ക്കാരന്‍. സ്‌കൂളിലെത്തുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നാണ്. മിക്കവരും അനാഥരോ ഒരു രക്ഷിതാവോ മാത്രമുള്ളവരാണ്. മയക്കുമരുന്നിന് അടിമപ്പെട്ടവരും, കൗമാരത്തില്‍ തന്നെ ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികളും, ദാരിദ്ര്യം കൊണ്ട് പഠിത്തം നിര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികളാണ് തന്റേതെന്ന് തബിച്ചി പറയുന്നു. സ്‌കൂളിലെത്താന്‍ കിലോമീറ്ററുകളോളം നടന്നു വരുന്ന വിദ്യാര്‍ത്ഥികളും കുറച്ചൊന്നുമല്ല സ്‌കൂളില്‍.

വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഡെസ്‌ക്ടോപ്പ് മാത്രമുള്ള സ്‌കൂളില്‍ 58 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകൻ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത സ്‌കൂളില്‍ ഐ.സി.ടി. ഉപയോഗിച്ചാണ് തബിച്ചി വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ മനസിലാക്കി കൊടുക്കുന്നത്.

കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാട്ട, അഭിനന്ദിച്ചുകൊണ്ട്, വീഡിയോ മെസ്സേജ് അയക്കുകയുണ്ടായി ‘പീറ്റര്‍ തബിച്ചി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ അഭിമാനമാണ്, യുവ പ്രതിഭയായ നിങ്ങളുടെ കഥ ഞങ്ങളുടെയും കൂടെയാണ്.”

Leave a Reply

Your email address will not be published. Required fields are marked *