Thu. Jan 23rd, 2025
കോഴിക്കോട്:

പി.ടി.എ. റഹീം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് എസ്. നേതാവും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.ടി. ജലീല്‍, എന്‍.സി.പി. നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍, കാരാട്ട് റസാഖ് എം.എല്‍.എ, ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍, ജനാധിപത്യ കേരളാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി രാജു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലയന സമ്മേളനം.

കോഴിക്കോട് നടന്ന ലയന സമ്മേളനം ഐ.എന്‍.എല്‍. അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ: മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഇടതുചേരിയുടെ ഭാഗമായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഐ.എന്‍.എല്ലിന്റെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. രാജ്യത്ത് ഇടതുപക്ഷം അത്യാവശ്യമാണ്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും കോര്‍പറേറ്റ് നയങ്ങളെ ചെറുക്കുന്നതിന് ഇടതുചേരി രാജ്യത്ത് വളരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.എസ്.സി. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. പി.ടി.എ. റഹീമാണ് ലയന പ്രഖ്യാപനം നടത്തിയത്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. പങ്കജാക്ഷന്‍, ഐ.എന്‍.എല്‍. അഖിലേന്ത്യാ ജന. സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, ഐ.എന്‍.എല്‍. അഖിലേന്ത്യാ ട്രഷറര്‍ ഡോ. എ.എ. അമീന്‍, ഐ.എന്‍.എല്‍. സംസ്ഥാന ട്രഷറര്‍ ബി. ഹംസഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *