Wed. Dec 18th, 2024

കഠിനമായ വേനലിതാ ആരംഭിച്ചു കഴിഞ്ഞു. വേനൽക്കാലത്തിന്റെ ആരംഭത്തിൽ തന്നെ നമ്മളാദ്യം കേൾക്കുന്നത് ധാരാളം വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന്റെ ജലാംശം നിലനിർത്തുക എന്നതായിരിക്കും. ഈ സമയത്തെ വെള്ളത്തിന്റെ അളവ് ശരീരത്തിൽ കുറയുമ്പോൾ സ്വാഭാവികമായും ക്ഷീണം അനുഭവപ്പെടുകയും, തളർച്ച മറ്റു ശാരീരിക അവശതകൾ ഉണ്ടാവുകയും ചെയ്യും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായില്ലെങ്കിൽ അത് നിർജ്ജലീകരണം പോലുള്ള അവസ്ഥകളിലേക്ക് നയിക്കും. നിർജ്ജലീകരണം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

ധാതുക്കളും ലവണങ്ങളും, ആന്റി ഓക്സിഡന്റ്‌സുമടങ്ങിയ പഴച്ചാറുകളും, നാരങ്ങാ വെള്ളവും മറ്റും കുടിക്കുന്നത് ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിർത്താൻ വളരെ സഹായകകരമാണ്. ശരീരത്തിലെ വെള്ളത്തിന്റെ അളവിൽ കുറവ് വരുത്താതെ സൂക്ഷിക്കാനുള്ള മറ്റു ചില നുറുങ്ങു വിദ്യകളിതാ.

എപ്പോഴും ശുദ്ധജലം കയ്യിൽ കരുതുക. പൊതുവെ നമ്മൾ സാധനങ്ങൾ ചുമക്കാൻ മടിയന്മാരാണ്. എന്നാൽ എപ്പോഴും ഒരു കുപ്പി വെള്ളം കയ്യിൽ കരുതുമ്പോൾ നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കാം. കടകളിൽ നിന്നും വാങ്ങിക്കുന്ന കൃത്രിമ ശീതള പാനീയങ്ങൾ ഒഴിവാക്കുക. പകരം, സർബത്ത്, സംഭാരം, ഇളനീർ തുടങ്ങിയവ ശീലമാക്കുക.

ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇതിലടങ്ങിയിരിക്കുന്ന കഫീനുകൾ ശരീരത്തിലെ ജലാംശം കുറയ്ക്കുന്നതാണ്. ഇടവേളകളിൽ ഇവ ഉപയോഗിക്കുന്നവർ പൂർണമായും നിർത്തുക. പകരം ജയ്‌സുകളോ മറ്റോ കഴിക്കുക.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നത് പരമാവധി കുറയ്ക്കുക. ഇവ ദാഹം വർദ്ധിപ്പിക്കാനും അസിഡിറ്റിക്കും കാരണമായേക്കാം.

ശുദ്ധമായ കരിക്കിൻ വെള്ളം കുടിക്കുന്നത് വേനലിനെ പ്രതിരോധിക്കാൻ നല്ല ഉപാധിയാണ്. പക്ഷെ കടകളിൽ നിന്ന് വാങ്ങുന്ന പാക്ക് ചെയ്തുള്ള കരിക്ക് ഒഴിവാക്കുക. ഇതിൽ കൃത്രിമ മധുരവും, കേടുപാട് വരാതിരിക്കാനായി മറ്റു പ്രിസർവേറ്റീവുകളും ചേർക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *