Sat. Jan 18th, 2025

മലയാളികളുടെ ദേശീയ ഭക്ഷണമാണ് ചക്ക. വേനൽക്കാലം തുടങ്ങുന്നതോടെ മലയാളികളുടെ ചക്ക മാഹാത്മ്യം ആരംഭിക്കുകയായി. ഇടിച്ചക്ക മുതൽ പഴുത്തു പാകമായ ചക്ക വരെ മലയാളികൾ ഉപയോഗിക്കും. ചക്കയുടെ തോലും ചകിണിയും കുരുവുമടക്കം എല്ലാം കേരളത്തിൽ ചിലവാകും. ചക്കക്കാലം ആരംഭിച്ചാൽ പിന്നെ മലയാളികളുടെ തീൻ മേശ ചക്കപ്പുഴുക്കും, തോരനും, ചക്കപ്പായസവും, ചക്ക വരട്ടിയതും, ചക്ക ചിപ്സും, ചക്ക പപ്പടവും കൊണ്ട് നിറയും. ചക്കക്കാലം അവസാനിച്ചാലാവട്ടെ, ചക്കയെ സംസ്ക്കരിച്ചുണ്ടാക്കിയ ഭക്ഷണങ്ങളും, ചക്കക്കുരുവുമടക്കം സംഭരിച്ചും വെയ്ക്കും.

കേരളത്തിലുടനീളം കാണപ്പെടുന്ന ചക്കയെ നമ്മുടെ ഭക്ഷ്യ വസ്തുവാക്കി അംഗീകരിച്ചത് കഴിഞ്ഞ വർഷമാണ്. രുചികരമായ, വൈവിധ്യകരമായ വിഭവങ്ങളുണ്ടാക്കാമെന്നതിനു പുറമെ പോഷകങ്ങളുടെ കലവറ കൂടെയാണ് ഈ പഴം. നാരുകളാൽ സമ്പുഷ്ടമായ ചക്ക വിദേശികൾക്ക് പോലും പ്രിയങ്കരമാണ്. വർഷം തോറും ചക്കയുടെ കയറ്റുമതിയിൽ വൻ വർദ്ധനവാണ് കാണാൻ സാധിക്കുക.

സസ്യഭുക്കുകൾക്കിടയിൽ ചക്ക വൻതോതിൽ ഹിറ്റായതിനു പിന്നാലെയാണ് ചക്ക തരംഗം കടൽ കടന്നത്. ഈ ഒരു മാറ്റത്തെ പരിഹസിച്ചു കൊണ്ടാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയന്റെ വെബ് സൈറ്റിൽ ചക്കയെ പരിഹസിച്ചുകൊണ്ട് ഒരു ലേഖനം പ്രത്യക്ഷപ്പെട്ടത്.

ചക്ക ഒരു വേഗൻ തരംഗം- ഇതിന്റെ രുചി വർദ്ധിപ്പിക്കാൻ എനിക്ക് സാധിക്കുമോ? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം എഴുതിയിരിക്കുന്നത് സോ വില്യംസാണ്. സസ്യഭക്ഷണ ജീവിതരീതി പിന്തുടരുന്നവർ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ രുചിയിൽ ഏതെങ്കിലും മാറ്റങ്ങൾ വരുത്താൻ സാധിക്കുമോ എന്നാണ് ലേഖിക ചോദിക്കുന്നത്.

ലേഖനത്തിലുടനീളം ചക്കയെ വൃത്തിയില്ലാത്ത, ദുർഗന്ധം വമിക്കുന്ന തടിച്ചുരുണ്ട ഭക്ഷ്യ വസ്തുവായാണ് അവർ വിവരിക്കുന്നത്. വേറൊന്നും കഴിക്കാനില്ലാത്തവർ മാത്രമാണ് ഇവ കഴിക്കുന്നതെന്ന പരാമർശവും ഈ ലേഖനത്തിലുണ്ട്.

ഈ വാർത്തയ്ക്കു നേരെ നിരവധിപേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിൽ ഈ വാർത്തയുടെ ലിങ്കിനു കീഴെ ഒട്ടനവധി ചക്ക പ്രേമികൾ റീ ട്വീറ്റ് ചെയ്തു. കാര്യങ്ങളെ പറ്റി വ്യക്തമായ ധാരണയില്ലാതെ സംസാരിക്കുന്നതിനു പകരം കൃത്യമായി ചക്കയെപ്പറ്റി പഠിച്ചു സംസാരിക്കാനാണ് പലരും ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ ഒരു ഫലത്തെ പറ്റി ഇതുപോലെ സംസാരിക്കുന്നതിൽ വലിയ തോതിൽ വംശീയത അടങ്ങിയിട്ടുണ്ടെന്ന് പലരും വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *