ഞാറക്കൽ: പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പ്രധാനപ്പെട്ട റോഡിലെ വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ വലയുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ട് വഴിയിലൂടെ നടക്കാൻ കഴിയാത്തതിനാലും വീടുകളിലേക്ക് വെള്ളം കയറുന്നതിനാലും ഏറെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ പ്രദേശവാസികൾ പല തവണ പരാതികൾ നൽകിയിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
പ്രദേശത്തുകൂടി റോഡ് മുറിച്ച് പോകുന്ന തോട് നവീകരിച്ചതിന് ശേഷമാണ് സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങിയത്. റോഡിനേക്കാൾ ഉയരത്തിൽ പണിതിരിക്കുന്ന ചെറിയ പാലത്തിന്റെ ഇരുവശങ്ങളിലൂടെയും വെള്ളം തോടിലേക്ക് ഒഴുകാൻ ക്രമീകരണം ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണം. മജിസ്‌ട്രേറ്റ് കോടതിയും ആശുപത്രിയും സ്കൂളും ടെലിഫോൺ എക്സ്ചേഞ്ചും അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് ദിവസേന നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണ് ശോചനീയമായ അവസ്ഥയിൽ കിടക്കുന്നത്.
പഞ്ചായത്ത് ഓഫീസിനു എതിർവശത്തായി സംസ്ഥാനപാതയിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ തുടക്കത്തിൽ തന്നെയാണ് ഈ വെള്ളക്കെട്ട് ഉണ്ടാകുന്നതും അതുമൂലം റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നതും. സ്ഥിരമായി ഇരുചക്ര വാഹനങ്ങളും കാല്നടക്കാരും അപകടത്തിൽപ്പെടുന്നുണ്ടെന്നും സ്കൂളുകൾ തുറന്നാൽ കൊച്ചു കുട്ടികളടക്കം ഈ വെള്ളക്കെട്ട് താണ്ടിയാണ് പോകേണ്ടിവരിക എന്നും പ്രദേശവാസികൾ പറയുന്നു. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് എത്രയും വേഗത്തിൽ നടപടി ഉണ്ടാകണമെന്നാണ് സ്ഥിരമായി റോഡിലൂടെ സഞ്ചരിക്കുന്ന ആളുകളുടെ ആവശ്യം.
പഞ്ചായത്ത് പുതിയ ഭരണ സമിതി ആണെന്നും അതിനാൽ പ്രദേശത്തെ പ്രശ്നത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും ഈ പ്രശ്നത്തിൽ ഫണ്ട് ലഭ്യത അനുസരിച്ച് വേഗത്തിൽ പരിഹാരം കാണാമെന്നും പഞ്ചായത്ത് പ്രസിഡന്റ് റ്റി റ്റി ഫ്രാൻസിസ് പറഞ്ഞു.