Fri. Nov 22nd, 2024
അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

രവിപുരം: മൂന്നു വർഷത്തോളമായി പ്രവർത്തനരഹിതമായി രവിപുരം ശ്‌മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയം നാശത്തിന്റെ വക്കിൽ. എറണാകുളം പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരസഭയുടെ ശ്മശാനത്തിലാണ് ഗ്യാസ് ക്രിമറ്റോറിയവും കെട്ടിടവും നശിച്ചുകൊണ്ടിരിക്കുന്നത്. വാർഷിക അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലമാണ് 2018 വരെ പ്രവർത്തിച്ചിരുന്ന ശ്‌മശാനം പ്രവർത്തന രഹിതമാവാൻ കാരണം.

2012-2013 കാലയളവിലാണ് ശ്മശാനത്തിന്റെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിഭാഗം പ്രവർത്തനരഹിതമായതിനെത്തുടർന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ 50 ലക്ഷം രൂപ മുതൽമുടക്കി ഗ്യാസ് ഉപയോഗിച്ചുള്ള പ്രവർത്തനത്തിനു സജ്ജമാക്കിയത്. ധാരണ ഉടമ്പടി പ്രകാരം നടത്തിപ്പിന്റെ ചിലവ് റോട്ടറി ക്ലബ് വഹിക്കുമെന്നും വാർഷിക അറ്റകുറ്റ പണികൾ കോർപ്പറേഷൻ വഹിക്കണമെന്നും ആയിരുന്നു. എന്നാൽ 2018-ഓടുകൂടി കോർപ്പറേഷൻ പൂർണമായി അറ്റകുറ്റപ്പണികൾ നടത്താതെ ആയതിനെത്തുടർന്നാണ് കോവിഡ് കാലയളവിലടക്കം ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമായിരുന്ന സംവിധാനം ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരിക്കുന്നത്. 

എറണാകുളം നഗരത്തിലെ ഏറ്റവും ജനവാസമുള്ള മേഖലയായ പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന ഈ ശ്‌മശാനം ഗ്യാസ് ഉപയോഗിച്ചുള്ള പ്രവർത്തനത്തിലേക്ക് മാറുകയാണെങ്കിൽ വലിയ അളവിൽ പരിസര മലിനീകരണത്തിന് കുറവുണ്ടാക്കും. നിലവിൽ ഗ്യാസ് ഉപയോഗിച്ചുള്ള പ്രവർത്തനമാണ് വിറകു ഉപയോഗിക്കുന്നതിനേക്കാൾ വേഗത്തിൽ പൂർത്തീകരിക്കുന്നതും ചെലവ് കുറവുള്ളതും. കൂടാതെ വർഷകാലത്തുണ്ടാകുന്ന വിറക് ലഭ്യത പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാവുകയും ചെയ്യും. 

നിലവിൽ ഈ വിഷയം കോർപറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ 9 മാസമായി ഇതിന്റെ പ്രവർത്തനം പുനരാംരംഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഗിരിനഗർ ഡിവിഷൻ കൗൺസിലർ മാലിനി കുറുപ്പ് പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദ്ധരുമായി കൂടിക്കാഴ്ച ക്രമീകരിച്ചിട്ടുണ്ടെന്നും ഉടൻതന്നെ ഗ്യാസ് ശ്‌മശാനം പ്രവർത്തന സജ്ജമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Instagram will load in the frontend.