Wed. Jan 22nd, 2025
amrita kudeeram colony

അമ്പലമേട്:  കയറിക്കിടക്കാനുണ്ടായിരുന്ന കിടപ്പാടം പൊളിച്ചതിനെത്തുടർന്ന് ദുരിതം പേറി അമ്പലമേട് അമൃതകുടീരം നിവാസികൾ. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ ഒരു വർഷത്തിലേറെയായി വാടക വീടുകളെ ആശ്രയിക്കുന്നു. കോവിഡും അതുമൂലമുണ്ടായ തൊഴിലില്ലായ്മയും ഈ കുടുംബങ്ങളുടെ പ്രതിസന്ധി പതിന്മടങ്ങ് വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇനിയും ദുരിതത്തിലേക്ക് തള്ളിവിടാതെ ഈ പദ്ധതി പൂർത്തീകരിച്ച് കയറിക്കിടക്കാനൊരു കിടപ്പാടം നൽകണേ എന്നാണ് ഈ 114 കുടുംബങ്ങളുടെയും അപേക്ഷ.

ജിസിഡിഎ-യുടെ  (GCDA) കൈവശത്തിലായിരുന്ന ഭൂമിയിൽ അമൃതാനന്ദമയി മഠത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച വീടുകൾ  2003 ഏപ്രിലിൽ ആണ് ഭവനരഹിതർക്ക് നൽകിയത്. എന്നാൽ 2005-ഓടുകൂടി നിർമാണത്തിലെ അപാകതകൾ മൂലം കെട്ടിടങ്ങളിൽ ചോർച്ചയും പ്രശ്നങ്ങളും രൂപപ്പെട്ട് താമസയോഗ്യമല്ലാതായി തുടങ്ങി. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലയളവിൽ ഭൂമി താമസക്കാർക്ക് പതിച്ചു നൽകുകയും 2020-ൽ ഭവനനിർമാണത്തിനായി പഞ്ചായത്ത് താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും ചെയ്തു. 

ഉടമസ്ഥാവകാശം ഇല്ലായിരുന്നെങ്കിലും താമസിക്കാൻ അതുവരെ ഉണ്ടായിരുന്ന വീട് വിട്ടിറങ്ങിയ ആളുകൾ സ്വന്തം ചെലവിലാണ് വാടക വീടുകളിൽ കഴിഞ്ഞു പോരുന്നത്. മൂന്നു മാസങ്ങൾക്കുള്ളിൽ പുതിയ ഭവനം കൈമാറണമെന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട ഭരണസമിതി ജനങ്ങളുടെ തുടർന്നുള്ള കഷ്ടപ്പാടുകൾ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു വർഷം പിന്നിട്ടതിനു ശേഷം ഇപ്പോൾ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തല ചായ്ക്കാൻ സ്വന്തമായി ഒരു കിടപ്പാടമെന്ന്  സ്വപ്നം പേറുന്ന ഈ മനുഷ്യർക്ക് പറയാനുള്ളത് ഇനിയും നയങ്ങളുടെയും നടപടിക്രമങ്ങളുടെയും പേര് പറഞ്ഞ് അവരുടെ അവകാശങ്ങൾക്ക് നേരെ കണ്ണടയ്ക്കരുതെന്നാണ്.

Instagram will load in the frontend.