തൃപ്പൂണിത്തുറ: പുനരുജ്ജീവന പദ്ധതി നിലച്ച് 2.7 കിലോമീറ്റർ ദൈർഘ്യമുള്ള അന്ധകാരത്തോട് കാടുകേറി നശിക്കുന്നു. നിർമാണ അവശിഷ്ടങ്ങളും മാലിന്യവും വൃക്ഷങ്ങളും പായലും നിറഞ്ഞ് തോട്ടിലെ നീരൊഴുക്ക് നിലച്ച അവസ്ഥയിലാണിപ്പോൾ.
2018-ൽ തോട് നവീകരിക്കാൻ പദ്ധതി പ്രഖ്യാപിച്ചു. 11 കോടി രൂപ കിഫ്‌ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചു. പക്ഷെ മൂന്ന് വർഷമായിട്ടും പൂർത്തീകരിക്കാതെ കിടക്കുകയാണ്.
പലയിടങ്ങളിലും പൂർത്തീകരിക്കാത്ത ജോലികളും തോടിൽ അടിഞ്ഞു കിടക്കുന്ന മാലിന്യമടക്കമുള്ള വസ്തുക്കൾ നീക്കാത്തതുമാണ് ഇപ്പോഴത്തെ നാശത്തിനു കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട് കയറിയതുമൂലം ഇഴ ജന്തുക്കളുടെ ശല്യം കാരണം പുറത്തിറങ്ങാൻ ഭയമാണെന്നു തോടിന്റെ കരയിൽ താമസിക്കുന്ന ആളുകൾ പരാതി പറയുന്നു.
കൊറോണ മൂലമുണ്ടായ പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നും കഴിഞ്ഞ ആഴ്ച കരാർ കമ്പനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒക്ടോബർ 31 വരെ സമയം നീട്ടി നൽകുകയും സമയ ബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ തീരുമാനമെടുത്തതായും പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള തൃപ്പൂണിത്തുറ മൈനർ ജലസേചന പദ്ധതിയുടെ അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞു.