Fri. Nov 22nd, 2024
Pokkali farming

മറുവക്കാട്: എറണാകുളം ചെല്ലാനം പഞ്ചായത്തിൽ അവശേഷിക്കുന്ന രണ്ട് പൊക്കാളി കർഷകരുടെ കൃഷി ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നു.  മറുവക്കാട് പൊക്കാളി കൃഷി നടത്തുന്ന മഞ്ചാടിപറമ്പിൽ ചന്ദുവിന്റേയും ഫ്രാൻസിസ് കളത്തുങ്കലിന്റെയും രണ്ടേമുക്കാൽ ഏക്കർ പൊക്കാളി കൃഷിയാണ് പാട സംരക്ഷണ സമിതിയുടെയും ഭരണകൂടത്തിന്റെയും അനാസ്ഥയിൽ വിളവ് കാലയളവ് പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിൽ നിൽക്കുന്നത്. കൃഷിയിടത്തിലെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കാൻ കഴിയുന്ന തരത്തിൽ പാടശേഖരത്തിലെ അധിക വെള്ളം വേമ്പനാട് കായലിലേക്ക് പാടശേഖര സമിതി പമ്പ് ചെയ്തു നൽകാത്തതാണ് കൃഷി നാശത്തിനു കാരണം. പാടത്തെ വെള്ളം ക്രമീകരിക്കേണ്ട ഉത്തരവാദിത്തം പാടശേഖര സമിതിയുടേതും അതിന്റെ മേൽനോട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതുമാണ്. കർഷകരോട് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ നീതിപരമല്ലാത്ത പ്രവർത്തിക്കെതിരെ നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ് ചന്ദുവും ഫ്രാൻസിസും.

അനധികൃത ചെമ്മീൻ കൃഷി ലോബിക്കുവേണ്ടി പ്രവർത്തിക്കുന്ന സമിതി 2018 മുതൽ പൊക്കാളി കർഷകരോട് തുടരുന്ന അനീതിക്കെതിരെ ഹൈക്കോടതി 2021 മെയ് മാസത്തിൽ കർഷകർക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയും പാലിക്കാതെ വന്നതിനെത്തുടർന്ന് കോടതി അലക്ഷ്യത്തിനു ഹർജി കൊടുത്തിരിക്കുകയാണ് ഇരുവരും. സ്വന്തം ചിലവിൽ പമ്പ് ഉപയോഗിച്ച പാടത്തുനിന്ന് വെള്ളം വറ്റിച്ചതുകൊണ്ടാണ് കുറച്ചെങ്കിലും കൃഷി അവശേഷിക്കുന്നതെന്നും ഇനിയും കർഷകർക്ക് അനുകൂലമായ നടപടി സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ വിളവെടുപ്പിനായി ഡിസംബർ ആദ്യ വാരം വരെ നെൽചെടികളെ നിലനിർത്താനാവുമോ എന്ന ആശങ്കയാണ് ചന്ദു പങ്കുവയ്ക്കുന്നത്. 

കൂടുതൽ അറിയുവാൻ ഇൻസ്റ്റാഗ്രാം ലിങ്ക് സന്ദർശിക്കുക

https://www.instagram.com/p/CUJ7oZcLL4t/