Fri. Mar 29th, 2024
കൽപറ്റ:

വയനാടൻ ജൈവ വൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടു ശാസ്ത്രജ്ഞനുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലബാർ മേഖലയിലെ പുതിയ ശാസ്ത്രനിരീക്ഷണങ്ങൾക്കു ചുക്കാൻ പിടിച്ചതിനാണു പുരസ്കാരം.കഴിഞ്ഞ 20 വർഷത്തിലധികമായി സലിം ഈ മേഖലയിൽ സജീവമാണ്.

പുത്തൂർവയൽ ഡോ എം എസ്സ് സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ ജീവനക്കാരനായ സലിം വയനാട്ടിലെ അറിയപ്പെടുന്ന സസ്യനിരീക്ഷകനാണ്. ഒട്ടേറെ അപൂർവ ഇനം സസ്യങ്ങളെ സലിം കണ്ടെത്തിയിട്ടുണ്ട്.വയനാട്ടിലെ സസ്യസമ്പത്തിനെ കുറിച്ചു സലിം നടത്തിയ പഠനങ്ങളും പുതിയ കണ്ടെത്തലുകളും പരിഗണിച്ച്, കേരളത്തിൽ നിന്നു കണ്ടെത്തിയ ഒരു സസ്യത്തിനു സലിമിന്റെ പേരും നൽകിയിട്ടുണ്ട്.

പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന വന ഓർക്കിഡ് വർഗത്തിൽ പെട്ട സസ്യത്തിനാണു ‘സ്വീഡൻ ഫെഡിനില്ലാ സലിമീ’ എന്ന പേരിട്ടത്. രണ്ടായിരത്തിലധികം സസ്യങ്ങളുടെ പ്രത്യേകതകൾ ഇദ്ദേഹത്തിനു മനഃപ്പാഠമാണ്.ചെടി കണ്ടാൽ അതിന്റെ പേരും ശാസ്ത്രീയ നാമവുമൊക്കെ സലിം ഒറ്റ നിമിഷം കൊണ്ടു പറയും. അപൂർവയിനം സസ്യങ്ങളെ കുറിച്ച് 5 പുസ്തകങ്ങളും സലിം രചിച്ചിട്ടുണ്ട്.

പുതിയ സസ്യങ്ങളെ തേടിയുള്ള യാത്രയ്ക്കിടെ ലഭിച്ച നൂറ്റിയിരുപതിലധികം ഇനം വന ഓർക്കിഡുകൾ സലിം തന്റെ വീട്ടുമുറ്റത്ത് സംരക്ഷിക്കുന്നുമുണ്ട്.പന്ത്രണ്ടിലധികം സെറോപിജിയ സസ്യയിനങ്ങൾ, വിവിധയിനം കുറിഞ്ഞികൾ, പെപ്പറോമിയ വർഗത്തിലെ ഏഴിലധികം ഇനങ്ങളുടെ ജനിതക ശേഖരം, വംശനാശഭീഷണി നേരിടുന്ന 52 ഇനം അപൂർവ സസ്യങ്ങൾ തുടങ്ങിയവയും സലിമിന്റെ ശേഖരത്തിലുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും സലിമിനെ തേടിയെത്തിയിട്ടുണ്ട്.

2009ൽ കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സലൻസ് സർട്ടിഫിക്കറ്റ്, 2012ലെ വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം, 2015 ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം തുടങ്ങിയവ ഇവയിൽ ചിലതാണ്. പൊഴുതന പഞ്ചായത്തിലെ അത്തിമൂല സ്വദേശിയാണ് സലിം. ഭാര്യ ഷബ്നയും മക്കളായ സനയും അയാനയും പിന്തുണയുമായി സദാസമയവും ഒപ്പമുണ്ട്.