മണ്ണാർക്കാട്:
തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ ഫാക്ടറിയിൽ പൊട്ടിത്തെറി നടന്ന സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഫാക്ടറി പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെയെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫൊറൻസിക്, മലിനീനകരണ നിയന്ത്രണ ബോർഡ്, അഗ്നിരക്ഷാ വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് അസി.കലക്ടർ ഡോ.അശ്വിനി ശ്രീനിവാസ് പറഞ്ഞു. കോഴിഅവശിഷ്ടങ്ങളിൽനിന്ന് കീടനാശിനിക്കുള്ള ചേരുവ നിർമിക്കുന്ന ഫാക്ടറിയാണു തിരുവിഴാംകുന്ന് കാപ്പുപറമ്പിൽ പ്രവർത്തിക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിൽ ഫാക്ടറി പ്രവർത്തിപ്പിച്ച് 33 പേർക്ക് പരുക്കേൽക്കാനിടയായ സാഹചര്യമുണ്ടാക്കിയതിനാണ് കേസ്.
സംഭവ സ്ഥലം ഇന്നലെ രാവിലെ പൊലീസ് മേധാവി എ.വിശ്വനാഥ് സന്ദർശിച്ചു. ഫാക്ടറി പ്രവർത്തിക്കാൻ ആവശ്യമായ അനുമതിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഫാക്ടറിക്ക് പ്രവർത്തിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി ടി.കെ.ദിപു പറഞ്ഞു.
ജൂലൈ ഒൻപതിനാണ് ഫാക്ടറി അധികൃതർ മെഷിനറികൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നൽകിയത്. 27നു ചേർന്ന ഭരണ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യുകയും ഫാക്ടറി പരിശോധിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. കെട്ടിടത്തിനു നേരത്തെ നമ്പർ നൽകിയിരുന്നതായും സെക്രട്ടറി പറഞ്ഞു.
അപകടത്തിൽ സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മൂന്നു പേരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിവിധ ആശുപത്രികളിൽ കഴിയുന്ന 12 പേർ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ ആശുപത്രിവിട്ടു.
മൗലാന ആശുപത്രിയിലെ മുഹമ്മദ് അഫ്‌നാസ് (18) ആണ് ആശുപത്രിവിട്ടത്. അവശേഷിച്ച 18 പേരും സുഖം പ്രാപിച്ചുവരുന്നു. കിംസ് അൽശിഫ ആശുപത്രിയിൽ 13 പേരും ഇഎംഎസിൽ മൂന്നും മൗലാന ആശുപത്രിയിൽ രണ്ടും പേരാണ് ചികിത്സയിലുള്ളത്.