Sun. Dec 22nd, 2024
കാസർകോട്‌:

ബാവിക്കരയിൽ പുതിയ ജലശുദ്ധീകരണ ശാലയിൽ ശനിയാഴ്‌ച ട്രയൽ റൺ ആരംഭിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ബാവിക്കര കുടിവെള്ള വിതരണ പദ്ധതി ഭാഗികമായി കമീഷൻ ചെയ്യും. ശനി, ഞായർ ദിവസങ്ങളിലാണ്‌ ട്രയൽ റൺ. 55 ദശലക്ഷം ലിറ്റർ ശേഷിയുള്ളതാണ്‌ ബാവിക്കരയിൽ നിർമിച്ച ശുദ്ധീകരണ ശാല.

30 കോടി ചെലവിട്ടാണ്‌ പ്ലാന്റ്‌ നിർമിച്ചത്‌. കാസർകോട്‌ നഗരസഭ, മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ, ചെമ്മനാട്‌ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാനുള്ള 76 കോടി രൂപയുടെ കിഫ്‌ബി പദ്ധതിയുടെ ഭാഗമാണിത്‌. നേരത്തെയുള്ള വിതരണ ശൃംഖല വഴിയിലാണ്‌ കുടിവെള്ളം വിതരണം ചെയ്യുക.

1976 ൽ കമീഷൻ ചെയ്‌തതാണ്‌ നിലവിലുള്ള കാസർകോട്‌ കുടിവെള്ള പദ്ധതി. ബാവിക്കരയിലെ പമ്പ്‌ ഹൗസും വിദ്യാനഗർ, ചെർക്കള, ബാവിക്കര എന്നിവിടങ്ങളിലുള്ള ശുദ്ധീകരണശാലകളും അന്നത്തേതാണ്‌. വിദ്യാനഗറിൽ എട്ട്‌ ദശലക്ഷം ലിറ്റർ ശുദ്ധീകരണ ശേഷിയാണുള്ളത്‌.

കാസർകോട്‌ നഗരസഭ, മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂരിന്റെ ചെറിയഭാഗം എന്നിവിടങ്ങളിലാണ്‌ കുടിവെള്ളമെത്തിക്കുന്നത്‌. ഇതിനായി 10 മുതൽ 12 ദശലക്ഷം ലിറ്റർ വെള്ളം ദിവസവും മതി. പുതിയ പ്ലാന്റിൽ 350 കുതിര ശക്തിയുള്ള മൂന്ന്‌ മോട്ടോറുകളുണ്ട്‌. നിലവിലുള്ള പ്രവർത്തനത്തിന്‌ ഒന്നുമതി. രണ്ട്‌ ട്രാൻസ്‌ഫോർമറുകളോട്‌ കൂടിയ സബ്‌സ്‌റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്‌.

പദ്ധതി പൂർണമായി വൈകാതെ കമീഷൻ ചെയ്യും. ബോവിക്കാനം, ചെർക്കള, ഇരിയണ്ണി, മൊഗ്രാൽപുത്തൂർ ബദ്രടുക്ക, മധൂർ പാറക്കട്ട, കാസർകോട്‌ പുലിക്കുന്ന്‌ എന്നിവിടങ്ങളിൽ ജലസംഭരണ ടാങ്കുകളുടെ നിർമാണം പൂർത്തിയായി. ചെമ്മനാട്‌ പഞ്ചായത്തിലെ ചട്ടഞ്ചാൽ, ദേളി എന്നിവിടങ്ങളിൽ ടാങ്ക്‌ നിർമിക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്‌.

വിദ്യാനഗർ കെഎസ്‌ഇബി സബ്‌സ്‌റ്റേഷനിനിൽ നിന്ന്‌ ബാവിക്കരയിലേക്കുള്ള വൈദ്യുതി കേബിളുകൾ എത്തിക്കുന്ന പ്രവൃത്തി പൂർത്തിയാകണം. മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ, ചെമ്മനാട്‌ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ മുഖേന വീടുകളിലേക്ക്‌ പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ പദ്ധതിയായിട്ടുണ്ട്‌.