Fri. Mar 29th, 2024

വൈപ്പിൻ∙

52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുന്നു. അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോയിത്തുടങ്ങും. നീണ്ട ഇടവേളയ്ക്കുശേഷം കടലിലേക്ക് പോകുന്നതിനു മുന്നോടിയായി ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കിലായിരുന്നു ഇന്നലെ എല്ലാവരും.

പഴയവലകൾ കേടുതീർത്തു ഉപയോഗപ്രദമാക്കിയിതിനു പുറമേ പലരും പുതിയ വലകളും വാങ്ങിയിട്ടുണ്ട്. ബുധനാഴ്ച മുതൽ തന്നെ ഇവ ബോട്ടുകളിൽ കയറ്റിത്തുടങ്ങി. വലകൂടാതെ ഇന്ധനം, ശുദ്ധജലം, ഐസ് എന്നിവയാണ് ബോട്ടുകളിൽ സംഭരിക്കേണ്ടത്.

ഓരോ ബോട്ടിലും ആയിരക്കണക്കിനു ലീറ്റർ ശുദ്ധജലവും നൂറുകണക്കിനു ബ്ലോക്ക് ഐസുമായിട്ടാണ് കടലിൽ പോകുന്നത്. സ്വന്തം നാട്ടിലേക്ക് പോയ ബോട്ട് ജോലിക്കാരായ ഇതര സംസ്ഥാനത്തൊഴിലാളികൾ മടങ്ങിയെത്തിത്തുടങ്ങി. കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് 75 പഴ്സീൻ ബോട്ടുകളും 300 ചൂണ്ട ബോട്ടുകളും നൂറോളം ട്രോളിങ് ബോട്ടുകളുമാണ് കടലിൽ പോകുന്നത്.

മുനമ്പം, മുരുക്കുംപാടം, കാളമുക്ക് മേഖലകളിൽ നിന്നായി 900 ബോട്ടുകളാണു മീൻ തേടിയിറങ്ങുക. ചില ബോട്ടുകൾ  3 ദിവസത്തിനുള്ളിൽ തിരിച്ചെത്തും. ചിലത് ഒരാഴ്ച വരെ കടലിൽ തങ്ങും.

മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും തീര പരിപാലന നിയമത്തിൽ ഇളവു ലഭിക്കുന്ന വിധത്തിൽ തീര പരിപാലന നിയമത്തിൽ ഭേദഗതി വരുത്തണമെന്നു ഹൈബി ഇൗഡൻ എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ കാര്യങ്ങൾ പൂർത്തിയായാൽ അന്തിമ വിജ്ഞാപനത്തിന്റെ സമയത്ത് ഇക്കാര്യം പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു. ടിഎൻ പ്രതാപൻ എംപിയും ഒപ്പമുണ്ടായിരുന്നു. ജില്ലയ്ക്കു വേണ്ടി തയാറാക്കിയിരിക്കുന്ന തീര മാനേജ്മെന്റ് പ്ലാനിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം.

By Rathi N