കൊച്ചി:
പതിനെട്ടുവർഷത്തെ ശ്വാസതടസ്സം പേനയുടെ ക്യാപിന്റെ രൂപത്തിൽ പുറത്തെടുത്തപ്പോൾ ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിനു (32) വല്ലാത്ത ആശ്വാസം. കടുത്ത ശ്വാസംമുട്ടിനും കഫക്കെട്ടിനും വർഷങ്ങളായി ആസ്മയെന്നു കരുതി മരുന്നു കഴിക്കുകയായിരുന്നു സൂരജ്.
2003ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പേന ഉപയോഗിച്ചു വിസിലടിക്കാൻ ശ്രമിക്കുമ്പോഴാണു ബോൾ പേനയുടെ നിബിനോടു ചേർന്ന ഭാഗം തൊണ്ടയിൽ പോയത് . ആശുപത്രിയിൽ എത്തിച്ച് അന്നുതന്നെ എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.കഴിഞ്ഞ ഡിസംബറിൽ കൊവിഡ് ബാധിച്ചു.
കൊവിഡ് മാറിയശേഷം അതു ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ അമൃത ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണു വലതുവശത്തെ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി കുടുങ്ങിക്കിടക്കുന്ന പണ്ടു കാണാതായ പേനയുടെ അഗ്രം കണ്ടെത്തിയത്.
റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ ഇന്റർവെൻഷനൽ പൾമണോളജി ചീഫ് ഡോ ടിങ്കു ജോസഫ്, കാർഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ തുഷാര മഠത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഇതു പുറത്തെടുത്തു.