Sun. Dec 22nd, 2024

കൊച്ചി:

കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൊവിഡ് വാക്സിൻ ഔട്ട് റീച്ച് കേന്ദ്രങ്ങൾ ആരംഭിക്കും. 60 തദ്ദേശസ്ഥാപനങ്ങളിൽ ഔട്ട് റീച്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ ഫണ്ട് ഉപയോ​ഗിച്ചാണ് ഔട്ട് റീച്ച് കേന്ദ്രങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നത്.

ഡോക്ടറും രണ്ട് നേഴ്സുമാരും രണ്ട് ഡാറ്റ എൻട്രി ജീവനക്കാരും ഔട്ട് റീച്ച് കേന്ദ്രങ്ങളിലുണ്ടാകും. സാമൂഹ്യ അകലം ഉറപ്പാക്കി വാക്സിനേഷൻ നടത്താൻ സൗകര്യമുള്ള ഇടങ്ങളാകും ഇതിനായി തെരഞ്ഞെടുക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഔട്ട് റീച്ച് കേന്ദ്രങ്ങൾ ഒരുങ്ങുന്നതോടെ ആശുപത്രികളിൽ വാക്സിനേഷനായുള്ള തിരക്ക് നിയന്ത്രിക്കാനാകും.

വാക്സിനേഷൻ വേ​ഗത്തിലാക്കാൻ ആശാപ്രവർത്തകർ വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്കായി വേവ് ക്യാമ്പയിനും ​ഗർഭിണികൾക്കായി മാതൃക കവചം ക്യാമ്പയിനും നടത്തുന്നു. കൊവിഡ് മൂന്നാംതരംഗം ശക്തമാകുന്നതിന് മുന്നോടിയായി പരമാവധി ആളുകൾക്ക് വാക്‌സിൻ പ്രതിരോധം ഉറപ്പാക്കുകയാണ് ജില്ലാ ഭരണനേതൃത്വത്തിന്റെ ലക്ഷ്യം.
 
നാൽപ്പത്തഞ്ച്‌ വയസ്സിനുമുകളിലുള്ള അർഹരായ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകി മാറാടി, ചെല്ലാനം പഞ്ചായത്തുകളും പിറവം മുനിസിപ്പാലിറ്റിയും. മൂന്നുമാസത്തിനിടെ കൊവിഡ് പോസിറ്റീവായവരും വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധരല്ലാത്തവരും ഒഴികെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകി.

ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഇതിനുപിന്നിൽ. കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനം മേഖലയിൽ വാക്‌സിൻ നൽകാൻ നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. 

ജില്ലയിലെ എസ്‌സി, എസ്ടി കോളനികൾ, പാലീയേറ്റിവ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലുള്ളവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. പാമ്പാക്കുട, വാളകം പഞ്ചായത്തുകളിൽ 45 വയസ്സിനുമുകളിലുള്ള 95 ശതമാനംപേർക്കും ആദ്യഡോസ് വാക്‌സിൻ നൽകി.

By Rathi N