തൊടുപുഴ:
നഗരത്തിൽ എത്തിയാൽ സീബ്രാലൈനുകൾ നോക്കി റോഡ് മുറിച്ചുകടക്കാമെന്ന് കരുതിയാൽ ആ നിൽപ് അങ്ങനെതന്നെ തുടരേണ്ടിവരും. കാരണം പ്രധാന ജങ്ഷനുകളിലെയടക്കം റോഡിലെ സീബ്രാലൈനുകൾ പേരിനുപോലുമില്ല. ഉണ്ടെങ്കിൽതന്നെ സൂക്ഷിച്ചുനോക്കിയാൽ ഒരു നേർത്ത വര കാണാം.
റോഡ് മുറിച്ചുകടക്കാൻ ഡ്രൈവർമാരുടെ കനിവ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ. സീബ്രാലൈനുകൾ ഉള്ള ഭാഗങ്ങളിൽപോലും വേഗംകുറക്കാൻ പലഡ്രൈവർമാരും തയാറാകാത്തത് പലപ്പോഴും അപകടത്തിനും കാരണമാകുകയാണ്. വാഹനങ്ങൾ നിർത്തിക്കിട്ടാൻ കാത്തുനിൽക്കുന്നവർ പലരും ജീവൻ പണയം വെച്ച് റോഡ് മുറിച്ചുകടക്കുകയാണ് ചെയ്യുന്നത്.
നഗരത്തിൽ ഏറെ തിരക്കനുഭവപ്പെടുന്ന പല ഭാഗങ്ങളിലെയും സീബ്രാലൈനുകൾ ഭാഗികമായും പൂർണമായും മാഞ്ഞനിലയിലാണ്. ആവശ്യമായ പലയിടത്തും ലൈനുകൾ കാണാനുമില്ല. നഗരസഭ ഓഫിസിനടുത്ത് പഴയ പാലത്തോട് ചേർന്നുണ്ടായിരുന്ന സീബ്രാലൈനുകൾ പൂർണമായും മാഞ്ഞു.
പാലം കടന്ന് റോഡ് മുറിച്ചുകടക്കുന്നിടത്തും ഇത് ഭാഗികം. പാലാ റോഡിലും ഏറക്കുറെ സമാന സ്ഥിതിയാണ്. കാഞ്ഞിരമറ്റം ബൈപാസ്, മൂവാറ്റുപുഴ റോഡ് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതി ഇതുതന്നെ.
മുന്നറിയിപ്പ് ബോർഡുകളും പലയിടങ്ങളിലും ഇപ്പോൾ കാണാനില്ല. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിൽ വാഹന തിരക്ക് ഇപ്പോൾ ഏറെയാണ്. ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങളുമായാണ് നഗരത്തിലേക്കിറങ്ങുന്നത്. തിരക്കുകൂടുന്ന സമയങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം സ്ഥലങ്ങളിൽ ട്രാഫിക് പൊലീസിൻ്റെ സഹായമെങ്കിലും വേണമെന്നാണ് കാൽനടക്കാരുടെ ആവശ്യം.