Fri. Nov 22nd, 2024
തൊടുപുഴ:

തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ പി ജെ ജോസഫ് എംഎൽഎ തികഞ്ഞ പരാജയമെന്ന് സിപിഐ എം. 15 കോടി രൂപ മുടക്കി അശാസ്‌ത്രീയമായി നിർമിച്ച പുതിയ ആശുപത്രി മന്ദിരത്തിന്‌ ഏഴു വർഷം കഴിഞ്ഞിട്ടും ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. റിങ് റോഡുകളുടെ അപര്യാപ്തതയും പോരായ്‌മയാണ്‌.

ആശുപത്രിക്ക്‌ സർക്കാർ അനുവദിച്ച മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്‌. സ്വീവേജ് പ്ലാന്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നടപടി തുടങ്ങിയില്ല.

ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പുതുക്കി പണിയാൻ 50 ലക്ഷം രൂപയുടെ ഫണ്ടാണ് ആശുപത്രി സൂപ്രണ്ട് സർക്കാരിന്‌ സമർപ്പിച്ചിരിക്കുന്നത്. സൂപ്രണ്ടിന്റെ വിചിത്ര നടപടിക്കെതിരെ ജീവനക്കാർക്കിടയിലും പ്രതിഷേധമുണ്ട്. ഓക്സിജൻ പ്ലാന്റ് ലഭ്യമായി 15 ദിവസത്തിനകം പണി പൂർത്തിയാക്കണമെന്നുണ്ടെങ്കിലും വൈകുകയാണ്‌.

ആശുപത്രിക്ക് പുതിയ ബ്ലോക്ക് കെട്ടിടം പണിയാൻ നബാർഡ് മുഖാന്തരം 18 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അനക്കമില്ല. കോവിഡ് മൂന്നാംതരംഗത്തിന് മുന്നോടിയായി വാർഡ് ക്രമീകരണങ്ങൾക്ക്‌ ഫണ്ട് അനുവദിച്ചെങ്കിലും പ്രവർത്തനങ്ങളില്ല. ഒരു ഡയാലിസിസ് യൂണിറ്റ് കൂടി ആരംഭിക്കാൻ ഉപകരണങ്ങൾ ലഭ്യമായെങ്കിലും യൂണിറ്റ് പ്രവർത്തനക്ഷമമല്ല.

കലക്ടറും ചെയർമാനും ഉൾപ്പെടുന്ന എച്ച്എംസി യോഗത്തിൽ രാഷ്ട്രീയ ഭേദമന്യേ ഈ ആവശ്യങ്ങൾ സൂപ്രണ്ട് മുമ്പാകെ അവതരിപ്പിച്ചിട്ടും മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ്‌ പരാതി. എംഎൽഎയുടെ അഗവണനയും സൂപ്രണ്ടിന്റെ നിസ്സംഗതയും ആശുപത്രിയുടെ പ്രവർത്തനങ്ങളെ തളർത്തുമെന്നാണ്‌ ആക്ഷേപം. ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നൽകുമെന്ന്‌ സിപിഐ എം കാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി സജികുമാർ പറഞ്ഞു.

By Divya