കൊല്ലം:
ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളെയും സമ്പൂർണ വെളിയിട വിസർജന വിമുക്ത(ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ പദ്ധതിയുമായി ശുചിത്വ മിഷൻ. ഗ്രാമീണ മേഖലയിലെ ഖര–മാലിന്യ സംസ്കരണം മികവുറ്റതാക്കി ഗ്രാമങ്ങളെ വൃത്തിയുളള ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. സ്വച്ഛ് ഭാരത് മിഷൻ രണ്ടാം ഘട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്കു നൽകുകയുമാണ് ചെയ്യുന്നത്. കേന്ദ്ര ഏജൻസികൾ പരിശോധന നടത്തി റവന്യു വില്ലേജ് അടിസ്ഥാനത്തിലാണ് പദവി നൽകുന്നത്. നേട്ടം കൈവരിച്ചില്ലെങ്കിൽ കേന്ദ്ര ധനകാര്യ കമ്മിഷന്റേയോ സംസ്ഥാന സർക്കാരിന്റെയോ ഗ്രാന്റ് തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിക്കില്ല.
ഹരിത ട്രൈബ്യൂണിന്റെ പിഴ ഒഴിവാക്കാനും പദ്ധതി സഹായിക്കും. നിലവിലുളള പദ്ധതികളിൽ ഉൾപ്പെടുത്തി കമ്പോസ്റ്റ് സ്ഥാപിക്കുന്നതിനുളള സബ്സിഡി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കും. ഗ്രാമസഭയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തും.
ശുചിമുറികൾ ഇല്ലാത്ത വീടിന് നിർമാണത്തിനായി15,400 രൂപയും പുതുക്കി പണിയേണ്ടവയ്ക്ക് 9740 രൂപയും നൽകും. സർക്കാർ സ്കൂളുകൾക്കു പുറമെ അൺ എയ്ഡഡ് സ്കൂളുകൾക്കും ആവശ്യമായ സഹായം ലഭിക്കും. റവന്യു വില്ലേജിന് നിശ്ചിത സമയത്തിനുളളിൽ പദവി നേടാൻ കഴിഞ്ഞില്ലെങ്കിൽ 3 മാസത്തെ സമയം കൂടെ നൽകും.