Mon. Dec 23rd, 2024

തൃശൂർ ∙

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി കരുവന്നൂർ സഹകരണ ബാങ്കിലെത്തിയ അജ്ഞാതൻ ദുരൂഹതയായി. തമിഴിൽ സംസാരിച്ചയാൾ തനിച്ചാണെത്തിയത്. തമിഴ്നാട് ഇഡിയിൽ ഉദ്യോഗസ്ഥനായ തമ്പിദുരൈ ആണെന്നും വായ്പത്തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാനാണെത്തിയതെന്നും ജീവനക്കാരെ അറിയിച്ചു.

സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ അറിയിച്ചെങ്കിലും അജ്ഞാതൻ കടന്നുകളഞ്ഞു. ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ് അന്വേഷിക്കാൻ ഇഡി എത്തുമെന്ന അഭ്യൂഹം സജീവമായി നിൽക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് അജ്ഞാതൻ എത്തിയത്.

ഐഡന്റിറ്റി കാർഡ് കാണിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെ ‘തമ്പിദുരൈ’ പരുങ്ങി. ജീവനക്കാർ പൊലീസിനെ വിളിച്ചതോടെ കക്ഷി അതിവേഗം പുറത്തിറങ്ങി മറഞ്ഞു. വന്നയാളുടെ ചിത്രം ജീവനക്കാർ രഹസ്യമായി പകർത്തി പൊലീസിനു കൈമാറി.

By Rathi N