പത്തനംതിട്ട:
മന്ത്രി വീണ ജോർജിൻ്റെ എം എൽ എ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പത്തനംതിട്ടയിൽ നിർമിച്ച വിശ്രമ കേന്ദ്രം കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ. കെട്ടിടത്തിന് ചെലവായ തുകയും വലുപ്പവും കണ്ടാണ് ജനം അതിശയിക്കുന്നത്. വീണ ജോർജിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്താണ് വിശ്രമകേന്ദ്രം നിർമിച്ചത്.
2400 ച അടി വിസ്തൃതിയുള്ള കെട്ടിടത്തിന് ചെലവായത് 80 ലക്ഷം. 40 ലക്ഷം പോലും ഇതിന് ചെലവാകില്ലെന്ന് നിർമാണ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ബാക്കി തുക എങ്ങോട്ടുപോയി എന്നത് ആരോപണങ്ങൾക്ക് വഴിവെക്കുന്നു.
ഇരുനിലയുള്ള കെട്ടിടത്തിന് രണ്ട് നിലയിലുമായാണ് 2400 ചതുരശ്ര അടി വലുപ്പം. നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. നിർമിതി കേന്ദ്രം സ്വകാര്യ ഏജൻസിയെ പണി ഏൽപിച്ചു. ഈ ഏജൻസിക്ക് 65 ലക്ഷത്തിനാണ് കരാർ കൊടുത്തതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ഏജൻസിക്കും നിർമിതി കേന്ദ്രത്തിനുമിടയിൽ 15 ലക്ഷം ആവിയായി. സ്വകാര്യ കരാറുകാർ ചതുരശ്ര അടിക്ക് 1650-1800 രൂപ നിരക്കിലാണിപ്പോൾ കെട്ടിടങ്ങൾ പണിയാൻ കരാറിൽ ഏർപ്പെടുന്നത്. ഇതിലും കുറഞ്ഞ നിരക്കിൽ പണി ചെയ്യുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തിൽ 2400 ച അടി വിസ്തൃതിയുള്ള കെട്ടിടം ഗുണനിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ച് 40 ലക്ഷത്തിന് നിർമിക്കാൻ കഴിയുമെന്നാണ് കരാർ മേഖലയിലുള്ളവർ പറയുന്നത്.
നിർമാണം പൂർത്തിയായ കെട്ടിടം ഉദ്ഘാടനം ഉടൻ നടത്തി നഗരസഭക്ക് വിട്ടുകൊടുക്കും. ആദ്യം എസ്റ്റിമേറ്റ് തുക 75 ലക്ഷം ആയിരുന്നു. പിന്നീട് തുക തികഞ്ഞില്ലെന്നുപറഞ്ഞ് അഞ്ചുലക്ഷം കൂടി അനുവദിക്കുകയായിരുന്നു.
ജില്ല ആസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനാണ് നിർമിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേകം വിശ്രമ മുറിയുണ്ട്. ശുചിമുറികളും ഇൻഫർമേഷൻ വിഭാഗത്തിന് ഒരു മുറിയും ഭിന്നശേഷിക്കാർക്കായി ഒരു മുറിയും ലൈബ്രറിയുമുണ്ട്. ഭക്ഷ്യവകുപ്പുമായി ചേർന്ന് ഹോട്ടൽ തുടങ്ങാനും പദ്ധതിയുണ്ട്. കെട്ടിടത്തിലേക്കുള്ള ഫർണിച്ചർ വാങ്ങാൻ വീണ്ടും പ്രത്യേക ഫണ്ടിന് ശ്രമിക്കുകയാണ്.
2017ൽ നഗരസഭയുമായി ചർച്ച നടത്തിയാണ് നഗരസഭയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം കെട്ടിടം നിർമിക്കാൻ ഏറ്റെടുത്തത്. 2019ൽ റോസ്ലിൻ സന്തോഷ് നഗരസഭ അധ്യക്ഷ ആയിരുന്നപ്പോഴാണ് സ്ഥലം വിട്ടുനൽകിയത്. 2016ൽ കേന്ദ്ര പൊതുമരാമത്തുവകുപ്പ് പുറത്തിറക്കിയ നിരക്കിലാണ് ഇപ്പോൾ സംസ്ഥാനത്ത് സർക്കാർ കെട്ടിടങ്ങളുടെ നിർമാണം. കോവിഡ് വന്നതോടെ ചില നിർമാണ സാമഗ്രികൾക്ക് വില വർധിച്ചു. അതിനുമുമ്പ് കെട്ടിടം പണി പൂർത്തിയായതുമാണ്.