Wed. Jan 22nd, 2025
മൂന്നാർ:

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തുന്ന മൂന്നാറിലെ സർക്കാർ കോളേജ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ചൊവ്വാഴ്ച രാത്രി ലൈബ്രറി കെട്ടിടം ഇടിഞ്ഞുതുടങ്ങിയതോടെയാണ് ബുധനാഴ്ച അടിയന്തരമായി പൊളിക്കാൻ ആരംഭിച്ചത്. കോളേജ് ഡയറക്ടറേറ്റി​ൻെറ നിർദേശപ്രകാരം ദേശീയപാത അധികൃതരും പൊതുമരാമത്ത് (കെട്ടിടം) വിഭാഗവും ചേർന്നാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്.

ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന രണ്ട് കെട്ടിടങ്ങളാണ് ഏറ്റവും കൂടുതൽ അപകട ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞയാഴ്ച മണ്ണിടിച്ചിൽ മൂലം അടിത്തറ പകുതിയോളം ഇളകിയ ലൈബ്രറി കെട്ടിടവും റോഡിനോട് ചേർന്ന ഓഫിസ് കെട്ടിടവുമാണ് ഇപ്പോൾ പൂർണമായും പൊളിക്കുന്നത്. കെട്ടിടം പൊളിക്കുന്നതിനാൽ ദേശീയ പാതയിലെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.

ചെറിയ വാഹനങ്ങൾ സിഗ്​നൽ പോയിൻറിൽ നിന്നും വഴി തിരിച്ചുവിടുകയാണ്. ലൈബ്രറി കെട്ടിടത്തിലെ പുസ്തകങ്ങൾ എടുത്തുമാറ്റിയിരുന്നു. അവശേഷിച്ച ഉപകരണങ്ങളും മറ്റും കോളേജ് അധികൃതർ ബുധനാഴ്ച രാവിലെ മുതൽ മാറ്റിത്തുടങ്ങി.

ഓഫിസിലെ ഫയലുകളും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും അധ്യാപകരും വിദ്യാർഥികളും ചേർന്ന് രണ്ടാഴ്ച മുമ്പ് നീക്കം ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെയും ദേശിയപാത അതോറിറ്റിയുടെയും കീഴിലുള്ള ഇരുപതോളം തൊഴിലാളികളാണ് ജോലി ആരംഭിച്ചിരിക്കുന്നത്. ഇളക്കിയെടുക്കാൻ കഴിയുന്ന കതകും കട്ടിളയും ജനലും ആദ്യഘട്ടമായി നീക്കുന്നു.

പരമാവധി മൂന്ന് ദിവസം കൊണ്ട് പണി പൂർത്തിയാക്കാനാണ് നിർദേശം നൽകിയതെന്ന് ദേവികുളം തഹസിൽദാർ രാധാകൃഷ്ണൻ പറഞ്ഞു. നാലുതവണ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് പൊളിച്ചുനീക്കാൻ തീരുമാനിച്ചത്​. ഉറപ്പില്ലാത്ത മണ്ണിലെ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ദേവികുളം സബ് കലക്ടർ ആയിരുന്ന എസ് പ്രേം കൃഷ്ണൻ ശിപാർശ നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് കലക്ടർ കെട്ടിടം പൊളിക്കാൻ കോളേജ് ഡയറക്ടറേറ്റിന് നിർദേശം നൽകിയത്.

By Divya